മദീന : ഈ വര്‍ഷത്തെ ഹജ് നിർവഹിക്കുന്നവരുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹൈദരാബാദില്‍ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേരുടെ സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഹജ്, ഉംറ മന്ത്രാലയ ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. പൂച്ചെണ്ടുകളും ഈന്തപ്പഴവും മറ്റു ഉപഹാരങ്ങളും സമ്മാനിച്ചതാണ് തീർഥാടകരെ സ്വീകരിച്ചത്. കുറഞ്ഞ സമയം കൊണ്ടാണ് വിമാനത്താവളത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായത്.
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപായി സ്വദേശങ്ങളില്‍ തന്നെ തീര്‍ഥാടകരുടെ മുഴുവൻ എമിഗ്രേഷൻ നടപടികളും സ്വന്തം നാട്ടിൽനിന്ന് പൂർത്തിയാക്കുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഏഴു രാജ്യങ്ങളിലെ പതിനൊന്ന് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സൗകര്യമുള്ളത്. ഇതിൽ ഇന്ത്യയില്ല.
മൊറോക്കൊ, ഇന്തൊനീഷ്യ, മലേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, തുര്‍ക്കി, കോട്ട് ഡി ഐവര്‍ എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഈ പദ്ധതിയുള്ളത്. തീര്‍ഥാടകര്‍ക്ക് മദീനയിലെയും ജിദ്ദയിലെയും എയര്‍പോര്‍ട്ടുകളില്‍ വിമാനമിറങ്ങിയാലുടന്‍ പ്രത്യേക ട്രാക്കുകളിലൂടെ പുറത്തിറങ്ങി നേരിട്ട് അവരവരുടെ താമസ സ്ഥലത്തേക്ക് പോകാം. ലഗേജുകള്‍ പിന്നീട് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിക്കും.
