ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ചൊല്ലി ആശങ്ക വേണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. മുല്ലപ്പെരിയാറിൽ നിന്ന് ആവശ്യത്തിന് ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട. ഇടുക്കി ഡാമിൽ 14 അടി ജലം കൂടി ഉയർന്നാൽ മാത്രമേ ഡാം തുറന്ന് വിടേണ്ടതുള്ളൂ. നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ ഭയാശങ്കകളും ആളുകൾക്ക് ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികൾക്ക് ശേഷം മന്ത്രി എം.എം മണി ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, റോഷി അഗസ്റ്റിൻ എം.എൽ.എ., കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് ഡാം സുരക്ഷാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അലോഷി പോൾ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
