കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഈമാസം 19 മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമാക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവർത്തനം നിലച്ചത് വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സദുർബല വിഭാഗക്കാരായ 2,000 ആളുകളെ പ്രത്യക്ഷമായും 70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. ഇക്കാര്യവും കണക്കിലെടുത്താണ് അഞ്ചു മാസത്തിന് ശേഷം കേന്ദ്രങ്ങൾ പരീക്ഷണാർത്ഥം തുറക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക് ഡൗൺ ഇളവുകൾക്കും കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കും വിധേയമായാണ് തുറക്കലിന്റെ ഒന്നാംഘട്ടം. ആദ്യഘട്ടത്തിൽ പത്തു വയസിൽ താഴെയുള്ള കുട്ടികൾക്കും 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. താമസിക്കുന്നതും ഭക്ഷണശാലകളിൽ ഇരുന്നു കഴിക്കുതും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി ലഭിക്കും. ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിച്ച് പ്രവർത്തിക്കും. വീഴ്ച വരുത്തുവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതിൽ കൂടുതലാണ് താപനിലയെങ്കിൽ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നൽകും. ഇതിന് പ്രത്യേകം വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്‌ക്, സാനിറ്റൈസർ, അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളിൽ ശുചിമുറികൾ, എന്നിവ സെന്ററുകളിൽ ഉറപ്പാക്കും.
പ്രവേശനത്തിന് ടിക്കറ്റുകൾ ഓലൈനായി ബുക്ക് ചെയ്യണം. ക്യൂ ഒഴിവാക്കും. പകൽ മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. ഒരു ബാച്ചിൽ ഏഴുപേരെ അനുവദിക്കും. കാട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകൾ അണുമുക്തമാക്കണം. സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളിൽ െ്രെഡവർ ക്യാബിനും സന്ദർശക ഭാഗവും വേർതിരിക്കും. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി പേരെയം കയറ്റൂ. സഫാരിക്കിടെ പുറത്തിറങ്ങാൻ അനുവദിക്കില്ല. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കും.
മ്യൂസിയം, ഇന്റർപ്രട്ടേഷൻ സെന്ററുകളിൽ ഒരേ സമയം 10 പേർക്കും ഇക്കോഷോപ്പുകളിൽ അഞ്ചുപേർക്കും മാത്രമാണ് പ്രവേശനം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഡിവിഷണൽ ഓഫീസർമാരും ഫോറസ്റ്റ് ഓഫീസർമാരും ഉറപ്പാക്കണം. ഏകോപനത്തിന് ചീഫ് ഫോറസ്റ്റ് കസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
