മസ്‌കത്ത് : ആണവപദ്ധതി പ്രശ്നത്തിൽ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. ചർച്ച സ്ഥിരീകരിച്ച ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഹ്ചി, ഒമാൻ മധ്യസ്ഥരുമായാണു സംഭാഷണമെന്നും ടിവി അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.യുഎസുമായി നേരിട്ടുചർച്ചയ്ക്കില്ലെന്നും മധ്യസ്ഥരുമായി ചർച്ചയാകാമെന്നും കഴിഞ്ഞയാഴ്ച ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാനുമായി നേരിട്ടുള്ള ചർച്ചയാണു നടക്കാൻ പോകുന്നതെന്നാണു തിങ്കളാഴ്ച ട്രംപ് അവകാശപ്പെട്ടത്.











