ദോഹ : ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡറെ താക്കീതോടെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് യുഎൻ സുരക്ഷാസഭയിലേയും സെക്രട്ടറി ജനറലിലേയും അറിയിച്ച് കത്തയച്ചിട്ടുണ്ടെന്ന് ഖത്തർ സർക്കാർ അറിയിച്ചു.
അല്‍ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം ചൊവ്വാഴ്ച വൈകിട്ട് 7.30-ഓടെയാണ് ഉണ്ടായത്. അമേരിക്കയുടെ ഇറാനിലെ ആണവസാധന നിലയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിന് ഇറാന്റേതായ തിരിച്ചടിയായാണ് ഈ ആക്രമണം നടന്നത്.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വൈകിട്ട് 6.45-ന് ഖത്തർ സ്വന്തം വ്യോമപരിധി അടച്ചിരുന്നു. അതിനുശേഷം 45 മിനിറ്റിനുള്ളിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
19 മിസൈലുകൾ ഇറാൻ ഇറക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിൽ ഒന്ന് അൽ ഉദൈദ് വ്യോമത്താവളത്തിൽ പതിച്ചെങ്കിലും, ആളപായമോ പരിക്കുകളോ ഉണ്ടായില്ല. ആക്രമണ വിവരം മുൻകൂട്ടി ലഭിച്ചതിനാൽ വ്യോമത്താവളം പൂർണമായി ഒഴിപ്പിച്ചിരുന്നു.
ദോഹ, അൽ വക്ര, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ ജനവാസമേഖലകളിൽ വലിയ ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ അറിയിച്ചു. മിസൈലുകൾ കൃത്യമായി പ്രതിരോധിക്കപ്പെട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഈ ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തർ, പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരമുണ്ടാകണമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഇത് ഖത്തറിനെതിരെ നടത്തിയ ആക്രമണമല്ല, മറിച്ച് അമേരിക്കയുടെ നടപടിക്കുള്ള പ്രതികരണമായിരുന്നുവെന്ന് ഇറാൻ മറുപടി നൽകി.