കൊടും വേനലിന് തൊട്ടുമുമ്പുള്ള കാലാവസ്ഥയാണ് അല്‍ സരായത്. ഏറ്റവും കുടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലയളവിലാണ് .
മനാമ : ബഹ്‌റൈനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗദി അറേബ്യയിലും ഇതര ഗള്‍ഫ് മേഖലകളിലും അല്‍ സരായത് സീസണ്‍ തുടങ്ങുകയാണ്.
മാര്‍ച്ച് അവസാന വാരം തുടങ്ങുന്ന സീസണ്‍ മെയ് മാസം പകുതി വരെ തുടരും. ഇക്കുറി അല്പം വൈകിയാണ് അല്‍ സരായത് എത്തുന്നത്. എന്നാല്‍, അല്പം തീവ്രമായിരിക്കും കാറ്റും മഴയും എന്ന് പ്രവചനങ്ങള്‍ പറയുന്നു.
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അന്തരിക്ഷത്തില്‍ ശക്തമായ കാറ്റും ഉപരിതലത്തില്‍ ചൂടുയരുന്നതുമാണ് സരായതിന് കാരണമാകുന്നത്. ഇതുമൂലം ശക്തമായ മഴയാകും ലഭിക്കുക. സീസണ്‍ ആരംഭിച്ചെങ്കിലും ശക്തി പ്രാപിച്ചിട്ടില്ല.
ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍, മധ്യ മേഖലയിലായിരിക്കും മഴ ശക്തി പ്രാപിക്കുക. ശനിയാഴ്ച മുതലാകും കാറ്റും മഴയും ആരംഭിക്കുക. അങ്ങിങ്ങ് ഒറ്റപ്പെട്ട മഴയാകും ആദ്യം പിന്നീട് ശക്തി പ്രാപിക്കും.
60 മുതല്‍ 70 കിലോ മീറ്റര്‍ വേഗതയിലാകും കാറ്റു വീശുക, ചൂടിന്റെ കാഠിന്യം കുറയുമെങ്കിലും അന്തരീക്ഷ ഈര്‍പ്പം ഉണ്ടാകും. താപനില 20 ഡിഗ്രി വരെ താഴാം.
മഴമൂലം റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.