മനാമ: പ്രതിശീർഷ വരുമാനത്തിന്റെ കണക്കുകൾ പ്രകാരം അറബ് രാജ്യങ്ങളിൽ മൂന്നാമത്തെ സമ്പന്നരാജ്യമായി ബഹ്റൈൻ. യുനൈറ്റഡ് നേഷൻസ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്യു.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ബഹ്റൈന്റെ ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റം വിലയിരുത്തിയത്. കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 26ാം സ്ഥാനത്തുമാണ് രാജ്യം. ഖത്തറും യു.എ.ഇയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. 2017 നും 2023നും ഇടയിലെ അറബ് സമ്പദ് വ്യവസ്ഥയുടെ യഥാർഥ വളർച്ച എന്ന പ്രമേയത്തിൽ നടത്തിയ പഠനത്തിൽ അറബ് മേഖലയിലും ആഗോളതലത്തിലും ബഹ്റൈന്റെ ശക്തമായ സാമ്പത്തികനില വ്യക്തമാക്കുന്നുണ്ട്.
ഖത്തർ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും ആളുകൾ യഥാർഥത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെയും ഉപയോഗിക്കുന്ന സേവനങ്ങളുടെയും കണക്കുകൾ പ്രകാരം ബഹ്റൈൻ ഖത്തറിനെ മുൻകടക്കുന്നുണ്ട്. ഇത് ബഹ്റൈനിൽ താമസിക്കുന്നവരുടെ ഉയർന്ന ജീവിതനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ബഹ്റൈന് ഒരു ചെറിയ സമ്പദ്വ്യവസ്ഥയാണെങ്കിലും, ഉയർന്ന പ്രതിശീർഷ വരുമാനവും മികച്ച വ്യക്തിഗത ക്ഷേമവും കാരണം അറബ് മേഖലയിലും ആഗോളതലത്തിലും മികച്ച സ്ഥാനത്താണ്.
അറബ് മേഖലയിൽ ഉയർന്ന പ്രതിശീർഷ വരുമാനത്തിൽ മൂന്നാം സ്ഥാനത്തെന്നപോലെ വ്യക്തിഗത ക്ഷേമത്തിൽ അഞ്ചാം സ്ഥാനത്താണ് രാജ്യം. ബഹ്റൈൻ സാമ്പത്തികമായി സ്ഥിരതയുള്ളതും വളർച്ച പ്രാപിക്കുന്നതും ഉയർന്ന പ്രതിശീർഷ വരുമാനവും മിതമായ ജീവിതച്ചെലവുമുള്ള രാജ്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
