രാഷ്ട്രീയ ലേഖകൻ
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം കേട്ടിരുന്ന ഒരു മുദ്രാവാക്യമുണ്ട്. “മധുര കാശി ബാക്കി ഹേ…” മതസൗഹാർദ്ദം ആഗ്രഹിച്ചവർ ഭയപ്പെട്ടിരുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതായി വേണം കരുതാൻ. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിനുശേഷം ഹിന്ദു ഐക്യമുന്നണി ലക്ഷ്യമിടുന്നത് മധുരയും , കാശിയും ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് 2020 ആഗസ്റ്റ് മാസമാണ്.
ഇത് യാഥാർത്ഥ്യത്തിലേക്ക് വരുന്നതായി തന്നെ മനസ്സിലാക്കേണ്ടത്. മധുരയിൽ വിശ്വഹിന്ദു പരിഷത്ത് നവംബർ 10, 11 തീയതികളിൽ രണ്ടുദിവസം കേന്ദ്രീയ മാർഗ്ഗനിർദ്ദേശക്ക് മണ്ഡൽ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിൽപ്പരം സന്യാസിമാർ യോഗത്തിൽ പങ്കെടുക്കുകയും ക്ഷേത്രനിർമ്മാണം ചർച്ചാവിഷയം ആകുകയും ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ രണ്ടു പ്രദേശങ്ങളിൽ ക്ഷേത്രനിർമ്മാണം തുടങ്ങുന്ന കാര്യം ഗൗരവമായി അവിടെ ചർച്ച ചെയ്യുമെന്ന് വിഎച്ച്പി നേതാക്കൾ പറയുന്നു.
രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന സാഹചര്യങ്ങൾ അവിടെ ഉണ്ടാകും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണപക്ഷത്തു നിന്നുള്ളവരുടെ സഹകരണവും , സംരക്ഷണവും പരിപാടി വിജയത്തിലേക്ക് നയിക്കുന്നത് കാരണമാകുമെന്ന് കരുതുന്നു. ഉത്തർപ്രദേശ് ഭരിക്കുന്നത് ബിജെപി ആണെന്നതും, മധുരയും, കാശിയും ഉത്തർപ്രദേശിൽ തന്നെ ആണെന്നതും വളരെ ഗൗരവമായി കാണേണ്ട ഒരു വിഷയമാണ്.


















