ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കുന്നത്. സിമെയ്‌സിമ കോസ്റ്റൽ പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. ദോഹയിൽ നിന്ന് 40 കിലോമീറ്ററോളം മാറി സിമെയ്‌സിമ തീരത്ത് നടപ്പാക്കുന്ന ടൂറിസം പ്രൊജക്ടിലാണ് ട്രംപ് ഗ്രൂപ് നിക്ഷേപം നടത്തുന്നത്. ഇവിടെ ലോകോത്തര നിലവാരമുള്ള ഗോൾഫ് ക്ലബും ലക്ഷ്വറി വില്ലകളും കമ്പനി പണിയും. ഇതിനായി ഖത്തരി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഖത്തരിയ ദിയാറും ദാർ ഗ്ലോബലും കരാറിൽ ഒപ്പുവച്ചു. 790000 സ്‌ക്വയർമീറ്ററിലാണ് 18 ഹോൾ ഗോൾഫ് കോഴ്‌സ്, ഗോൾഫ് ക്ലബ് ഹൗസ്, വില്ലകൾ എന്നിവ നിർമിക്കുക.
ഏതാണ്ട് 300 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ലോകോത്തര നിലവാരമുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ വരുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തരി ദിയാർ ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. 80 ലക്ഷം സ്‌ക്വയർ മീറ്ററിൽ നടപ്പാക്കുന്ന വൻ പദ്ധതിയാണ് സിമെയ്‌സിമ പ്രൊജക്ട്. ഇതിൽ ആറര ലക്ഷം സ്‌ക്വയർ മീറ്ററിൽ ലാൻഡ് ഓഫ് ലെജന്റ്‌സ് തീം പാർക്കാണ് വരുന്നത്. 550 ബില്യൺ അമേരിക്കൻ ഡോളറാണ് പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്.
