ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ തീരുമാനം വ്യോമയാന കമ്പനികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബോയിങ് വിമാനങ്ങൾ ഉപയോഗിക്കുന്ന കമ്പനികൾക്ക് സ്‌പെയർ പാർട്‌സുകൾ സ്വന്തമാക്കാൻ പോലും ഉയർന്ന നികുതി നൽകേണ്ട സാഹചര്യമുണ്ട്. എന്നാൽ ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ ശേഖരിച്ചിട്ടുള്ളതിനാൽ പകരച്ചുങ്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഖത്തർ എയർവേസ് അതിജീവിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. കാർഗോ നീക്കത്തിൽ അടക്കം ട്രംപിന്റെ തീരുമാനങ്ങൾ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അധിക ചെലവ് യാത്രാക്കാരുടെ ടിക്കറ്റ് നിരക്കിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി വാങ്ങുന്ന വലിയ വിമാനങ്ങളുടെ കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകും. ബോയിങ്ങിൽ നിന്നും എയർബസിൽ നിന്നുമായാകും വിമാനങ്ങൾ വാങ്ങുകയെന്നാണ് റിപ്പോർട്ട്.











