വാഷിങ്ടൻ : അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . താരിഫ് നയങ്ങളെ വിമർശിച്ച ട്രംപ്, ഉയർന്ന നികുതി കാരണം ഇന്ത്യയിൽ ഉൽപന്നങ്ങൾ വിൽക്കാനാവുന്നില്ലെന്നും പറഞ്ഞു. നികുതി നിരക്കിലെ മാറ്റങ്ങളെ കുറിച്ച് ചർച്ചകൾ വന്നതോടെയാണ് നിരക്കുകൾ കുറയ്ക്കാൻ ഇന്ത്യ തയാറായതെന്നും വൈറ്റ്‌ഹൗസിൽനിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.
‘‘അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. അതുകാരണം ഇന്ത്യൻ വിപണിയിൽ അമേരിക്കൻ ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ നികുതിയിൽ ഇളവു കൊണ്ടുവരാൻ ഇന്ത്യ തയാറാകുന്നുണ്ട്’’ – ട്രംപ് പറഞ്ഞു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന അതേ നികുതി (പകരത്തിനുപകരം നികുതി) മറ്റു രാജ്യങ്ങളിൽനിന്ന് ഇടാക്കാൻ ട്രംപ് ഭരണകൂടം തയാറാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജനുവരി 20ന്, ഉയർന്ന താരിഫ് ഏർപ്പെടുത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് യോഗത്തിലും താരിഫ് നിരക്കുകൾ അന്യായമെന്ന വിമർശനം ട്രംപ് ഉന്നയിച്ചിരുന്നു. ഏപ്രിൽ 2 മുതലാണ് പകരത്തിനു പകരം നികുതി ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. ഇതോടെ യുഎസിന്റെ വ്യാപാര നയത്തിൽ നിർണായകമായ മാറ്റമുണ്ടാകും. മറ്റു രാജ്യങ്ങൾ യുഎസിനെ ഉപയോഗിക്കുന്നത് ഇനി നോക്കിയിരിക്കില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.
