അബുദാബി : സർക്കാർ സ്കൂളുകൾക്കു പിന്നാലെ യുഎഇയിലെ സ്വകാര്യ സ്കൂളുകളും പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ അറിവുകൾ നൽകുന്നതിനൊപ്പും എഐ വിദഗ്ധരായ പുതിയ അധ്യാപകർക്ക് തൊഴിലും ലഭ്യമാകും. നിലവിലുള്ള അധ്യാപകർക്കും കാലോചിത പരിശീലനം നൽകി സജ്ജരാക്കാനാണ് തീരുമാനം.യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയനം ആരംഭിക്കുന്ന സെപ്റ്റംബറിൽ എഐ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സ്വകാര്യ സ്കൂളുകളും നയം വ്യക്തമാക്കിയത്. ഇതേസമയം യുഎഇയിലെ ചില സ്വകാര്യ സ്കൂളുകൾ സ്വന്തം നിലയ്ക്കു എഐ പഠിപ്പിക്കുന്നുണ്ട്.
സിബിഎസ്ഇ സ്കൂളുകളിൽ തൊഴിലധിഷ്ഠിത 2 വിഷയങ്ങൾ തിരഞ്ഞെടുക്കണമെന്ന നിബന്ധന ഉള്ളതിനാൽ അബുദാബി സൺറൈസ് സ്കൂൾ എഐ തിരഞ്ഞെടുത്തു. നിലവിൽ 1 മുതൽ 8 വരെ എഐ പഠിപ്പിക്കുന്നുണ്ട്. അബുദാബി ഇന്ത്യൻ സ്കൂളിലും എഐ പരിശീലനം നൽകുന്നുണ്ട്. ദുബായ് ഇന്ത്യൻ സ്കൂളിൽ 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് എഐ പരിശീലനം നൽകാൻ ആലോചിക്കുന്നത്.
ജെംസ് ഗ്രൂപ്പ് സ്കൂളുകളിൽ ആറ് വയസുള്ള കുട്ടികൾ മുതൽ എഐ പഠിക്കുന്നുണ്ട്. മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത്. യുഎഇയിലെ മറ്റൊരു സ്വകാര്യ വിദ്യാഭ്യാസ ദാതാവായ തലീം ഗ്രൂപ്പിനു കീഴിലുള്ള സ്കൂളുകളിലും എഐയിൽ പരിശീലനം തുടങ്ങി. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ കെഎച്ച്ഡിഎ നിർദേശത്തിനായി കാത്തിരിക്കുകയാണ്.
ഇതേസമയം 2014-15 അധ്യയന വർഷം തന്നെ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ എഐ, കോഡിങ് വിഷയങ്ങൾ പാഠ്യപദ്ധതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ സി.ടി.ഷംസു സമാൻ പറഞ്ഞു. എഐ ഉപയോഗിച്ച് നൂതന പഠന രീതികൾ ആവിഷ്കരിക്കുന്നതോടെ എല്ലാ വിഭാഗം കുട്ടികളെയും പഠനത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
