കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാഴ്ചയായി അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു.
അബുദാബി: കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഇ ലേണിംഗ് സംവിധാനത്തിലായിരുന്ന സ്‌കൂളുകള്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുന്നു.
കെജി, ഗ്രേഡ് ഒന്നു മുതല്‍ അഞ്ചു വരെ, 12 എന്നിവര്‍ക്കാണ് ഇപ്പോള്‍ സ്‌കൂളിലെത്താന്‍ കഴിയുക. മറ്റ് ഗ്രേഡുകാര്‍ ജനുവരി 31 മുതലാകും ക്ലാസിലെത്തുക.
എന്നാല്‍, നേരത്തെ ഓണ്‍ലൈന്‍ ക്ലാസ് തിരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്നും ഇതിനുള്ള അവസരം ഒരുക്കണമെന്നും സ്‌കൂളില്‍ വരാന്‍ ഇവരെ നിര്‍ബന്ധിക്കരുതെന്നും അബുദാബി എഡ്യുക്കേഷന്‍ ആന്‍ഡ് നോളജ് വകുപ്പ് (അഡെക്) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ഫെയ്‌സുടുഫെയ്‌സ് ഇ ലേണിംഗ് എന്നീ ഓപ്ഷനുകള്‍ നല്‍കണമെന്നും ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കണമെന്നും അഡെക് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ തുറന്നാലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. സ്‌കൂള്‍ കെട്ടിടം കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കാണം. 96 മണിക്കൂര്‍ കോവിഡ് നെഗറ്റീവ് വാലിഡിറ്റി ഉള്ളവരെ മാത്രേമേ സ്‌കുളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു.
കോവിഡ് പോസീറ്റീവായവരേയും വീടുകളില്‍ രോഗബാധയുള്ളവരേയും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കരുതെന്നും അഡെക് അറിയിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കേണ്ടി വരുന്നതിനെ തുടര്‍ന്ന് യുഎഇയിലെ പിസിആര്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കു വര്‍ദ്ധിച്ചിരുന്നു. റിസള്‍ട്ട് ലഭിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്.