തെരഞ്ഞെടുപ്പ് സമയത്ത് അപമാനകരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു.പ്രതിഭ
ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് അപമാനകരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു.പ്രതിഭ. പ്രചാരണത്തിലുടനീളം മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കുകയും എതിര്‍ സ്ഥാനാ ര്‍ഥിക്ക് വേണ്ടി പി ആര്‍ വര്‍ക്കും ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കന്‍ മലയാളി അസോസിയേഷന്‍- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.
മാധ്യമങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. മാധ്യമങ്ങള്‍ ഏറ്റവും അധികം വേട്ടയാടിയ സ്ഥാനാര്‍ത്ഥി താനായിരുന്നു. അതില്‍ അഭിമാനവുമുണ്ട്. മറിച്ച് മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നുവെന്നും പ്രതിഭ പറഞ്ഞു.
മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചര്‍ച്ച കൂടി വയ്ക്കണമെന്നും, അതില്‍ മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ കൂടുതലായി വെളിപ്പെടുത്താമെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.
കായംകുളത്ത് കോണ്‍ഗ്രസിന്റെ അരിതാ ബാബുവായിരുന്നു പ്രതിഭയുടെ പ്രധാന എതിരാളി. അതേസമയം, കായംകുളത്ത് നടന്നത് നല്ല മത്സരമായിരുന്നുവെന്നും എന്നാല്‍ പ്രതിഭ തന്നെ വിജയിക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ‘കായം കുളത്ത് നല്ല മത്സരം നടന്നു, പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസ് അല്ലെന്ന് പ്രചാരണം കണ്ടാല്‍ അറിയാം. വീടിന് കല്ലെറിഞ്ഞു, അത് വിളിച്ചു, ഇത് വിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളജ് തെരഞ്ഞെടുപ്പ് പ്രചാരണം പോലെയായിരുന്നു. ആകെ മെലോ ഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രിയങ്കാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആലപ്പുഴക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചെയ്തവരല്ലേ ഞങ്ങള്‍’ – ജി സുധാകരന്‍ ചോദിച്ചു.