അഖില്‍ -ഡല്‍ഹി.
2012-ല്‍ ഡല്‍ഹി പെണ്‍കുട്ടി എന്ന് വിശേഷിപ്പിച്ച നിര്‍ഭയ കേസിന് ആസ്പദമായ സംഭവം രാജ്യത്തെ ഇളക്കി മറിച്ച വമ്പിച്ച യുവജന പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. അന്ന് നാമെല്ലാവരും ആഗ്രഹിച്ചു ഇനിയൊരു നിര്‍ഭയ ഈ രാജ്യത്ത് ഉണ്ടാകരുത്. ഹാഥ്രാസ് സംഭവിക്കുന്നതിന് മുമ്പ് എത്രയോ നിര്‍ഭയമാര്‍ പിന്നെയും ഉണ്ടായി എന്ന് ആര്‍ക്കും തിട്ടമില്ല, ഒന്നറിയാം പുറം ലോകം അറിയാതെ രാജ്യത്തെ ഏതെക്കെയോ കോണുകളില്‍ എരിഞ്ഞടങ്ങിയ ചാരക്കൂമ്പാരങ്ങള്‍ക്കുള്ളില്‍ ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടികളുണ്ട്. പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം, ജാതി, മതം, സമുദായം ഏതുമാകട്ടെ, ഒന്നുറപ്പ് അവളും ജീവിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയാണ്. നമ്മുടെ രാജ്യം ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ലജ്ജിച്ച് തലകുനിച്ചു. കാപാലികര്‍ മാത്രമല്ല, ബലാല്‍സംഗം ചെയ്യപ്പെട്ട ആ പെണ്‍കുട്ടിയുടെ മുഖം പോലും ബന്ധുക്കളെ കാണിക്കാതെ അര്‍ദ്ധ രാത്രിയില്‍ ചുട്ടെരിച്ച ഭരണസംവിധാനങ്ങളും അവളെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. മനുഷ്യ മനസാക്ഷിയ നടുക്കിയ അരും കൊലയെ ന്യായികരിക്കാനും ഇരയുടെയും ബന്ധുക്കളെയും കുറ്റം ചാര്‍ത്തുന്ന സമൂഹവും ഭരണാധികാരികളും നമ്മെ എങ്ങോട്ടാണ് നയിക്കുന്ന്. ലോകത്തിന് മുന്നില്‍ ഇവിടുത്തെ ജനസമൂഹത്തിന് മുന്നില്‍ അവര്‍ വെയ്ക്കുന്ന മതൃകയെന്താണ്. നിര്‍ഭയ സംഭവത്തില്‍ പെട്ടെന്ന് നടപടിയെടുക്കാനും ഉചിതമായി ഇടപെടാനും ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, ഇരയുടെ മുറിവില്‍ ഉപ്പുതേയ്ക്കുന്ന നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും നടത്തിയത്. ഉത്തര്‍പ്രദേശില്‍ നിത്യേനയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും, കൊല്ലപ്പെടുന്നതും. അവയെല്ലാം ദളിത് പിന്നോക്ക വിഭാഗത്തില്പ്പെട്ടവരായിരുന്നി
അതായത് പോലീസിനെയോ നിയമ സംവിധാനങ്ങളെയും ഭയമില്ലാത്ത വിധം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്താന്‍ പോന്ന വിധത്തില്‍ പൊതുസമൂഹം ക്രമിനല്‍വല്‍ക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണമെറ്റശേഷം അയ്യാരത്തോളം പേരെ ഏറ്റുമുട്ടലുകളില്‍ വധിച്ചു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വെളിവാക്കുന്നു. യഥാര്‍ത്ഥത്തിലുള്ള കണക്ക് ഇതാകണമെന്നില്ല. മനുഷ്യാവകാശധ്വംസനങ്ങളുടെ സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളെക്കാള്‍ പിന്നിലാണ് എന്ന് സമീപകാല കണക്കുകള്‍ പറയുന്നു. അവയില്‍ വംശിയ വിദ്വേഷങ്ങളും, ജാതിക്കൊലപാതകങ്ങളും, പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും എതിരായിട്ടുള്ള കുറ്റകൃത്യങ്ങളാണ് അധികവും എന്നുകൂടി അറിയുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചിന്തിച്ചു പോകുന്നത്.
ഇന്ത്യന്‍ സമൂഹത്തിന്റെ പുരോഗതിയും ഐക്യവും തടയാന്‍ മതത്തെയും, ജാതിയെയും കൂട്ടുപിടിച്ചത് ബ്രിട്ടീഷ് ഭരണാധികളായിരുന്നുവെങ്കില്‍, സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷത്തിനിപ്പുറവും ജാതിയും മതങ്ങളും ഇന്നും നമ്മളെ പിന്നോട്ട് വലിക്കുകയാണ്. വര്‍ഗീയ കലാപങ്ങള്‍ കണ്ടുകൊണ്ടാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കണ്ണുതുറന്നത് തന്നെ. രാജ്യത്ത് വിഭാഗീയത വിതച്ചിട്ടുപോയ വെള്ളക്കാര്‍ ഇപ്പോള്‍ ചിരിക്കുകയാകും.
സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബലര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനു കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നു തന്നെയാണ്. ആള്‍ക്കുട്ട കൊലപാതകങ്ങളും എല്ലാം നടന്നത് ഒരു പ്രത്യേക സമുദായത്തിനെതിരെയാണ്. കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ കാണുന്നത് ദളിത്-ആദിവാസി-മുസ്ലീം എന്നിങ്ങനെ തരംതിരിച്ച കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ഒരു രാജ്യം തങ്ങളുടെ അശരണരായ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പിന്നിലാണ് എന്നതാണ്.
ഭരണാധികാരികളുടെ മുന്‍ഗണന ക്രമത്തിലൊന്നും ഇല്ലാത്ത ജനങ്ങളാണ് ഇവരെന്നും തോന്നിപ്പോകും. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം പൊതുജനത്തിന്റെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും നിസ്സംഗതയാണ്. പതിവുപോലെ ചില സമര കോലാഹലങ്ങള്‍ ഒഴിച്ചാല്‍ ഒരു പ്രസ്ഥാവന പോലും ഇറക്കി പ്രതിഷേധിക്കാന്‍ മിക്ക രാഷ്ട്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. ഹാഥ്രാസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ പ്രബല പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് പാര്‍ട്ടിയും പ്രകടിപ്പിച്ച തണുത്ത സമീപനം ശ്രദ്ധിക്കേണ്ടതാണ്. അഴിമതികളുടെ കേസുകളുടെ പേരില്‍ വായ്മൂടപ്പെട്ട അവസ്ഥയിലാണ് ഈ രണ്ടുപാര്‍ട്ടികളും. മാത്രമല്ല വോട്ട് ബാങ്കും ജന ബാഹുല്യമുളള കയ്യടി പരിപാടികളും ഒഴിച്ച് ഒരു സംഭവങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയകാര്യമല്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ദളിത് ഉന്നതിക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മായാവതിയുടെ പാര്‍ട്ടിക്ക് ഏറ്റവും വലിയ ജനപിന്തുണയുള്ളതാണ് ഉത്തര്‍ പ്രദേശ്, എന്നിട്ടും ഈ വിഷയങ്ങളൊന്നും ഏറ്റെടുക്കാനോ ജനകീയ മുന്നേറ്റം ഉണ്ടാക്കാനോ അവര്‍ക്കായില്ല.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 87 ബലാല്‍സംഗങ്ങളാണ് ദിവസേന ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഉത്തരേന്ത്യയിലെങ്ങും സാമൂഹ്യനീതി തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ജാതിഅടിസ്ഥാനത്തിലാണ്. പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച മനുഷ്യാവകാശ ലംഘനങ്ങളൊന്നും വാര്‍ത്തകളാകാറില്ല, കാരണം മാധ്യമങ്ങളിലെല്ലാ സവര്‍ണ്ണ മേധാവിത്വമാണ് അവരുടെ താല്‍പര്യങ്ങള്‍ വേറെയാണ്.
അടുത്ത കാലത്ത് തുടര്‍ച്ചയായി ഉണ്ടായ ബലാല്‍സംഗ കൊലപാതകങ്ങളില്‍ ഏറ്റവും ഹീനവും മൃഗീയവുമായ സംഭവം ഉത്തര്‍പ്രേദശിലെ ഹാത്രാസിലെ സംഭവമാണ്. ഇരയോടും കുടുംബത്തോടും അല്‍പം പോലും നീതികാട്ടാനാകാത്തതാണ് ഈ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് കാണാനോ അന്ത്യോപചാരം അര്‍പ്പിക്കാനോ അവസരം നല്‍കാതെ ചുട്ടൊരിച്ച് കളഞ്ഞത് തെളിവുകള്‍ കൂടിയാണ്.
ഭരണകൂടവും, പോലീസും, രാഷ്ട്രീയവും കൂട്ടൂനിന്ന പ്രവര്‍ത്തി രാജ്യത്തെ ജനതയുടെ ആകെ നാണക്കേടായി മാറി. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഹാത്രാസ് സംഭവം തീര്‍ത്ത കളങ്കം പരിഹരിക്കാവുന്നതല്ല. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഓരോ പെണ്‍കുട്ടിയും കൊല്ലപ്പെടുമ്പോള്‍ പതിവുപോലെ നാം പ്രഖ്യാപിക്കും ഇനിയൊരു സഹോദരിക്കും ഇങ്ങനെ സംഭവിക്കാന്‍ അനുവദിച്ചുകൂട. അടുത്ത പീഢനവും കൊലപാതകവും ഉണ്ടാകുന്നവരെയുള്ള വളരെയുള്ള ചെറിയ ഇടവേളയുടെ ആയൂസ്സ് മാത്രമെ ഈ പ്രഖ്യാപനത്തിനുള്ളു.