കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതുവരെ 1,79,922 പേരാണ് കേരളത്തില്‍ കോവിഡ് രോഗബാധിതരായത്. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കോവിഡിന്റെ രണ്ടാം വ്യാപനമാണ് ഇതെന്നും സ്ഥിതി നിയന്ത്രണാതീതമായാല്‍ അടച്ചുപൂട്ടല്‍ മാത്രമാണ് മാര്‍ഗമെന്നുമാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞത്. കേരളം മാത്രമല്ല ലോകരാജ്യങ്ങള്‍ പലതും രണ്ടാം വ്യാപന ഭീഷണിയിലാണ്. യുഎസിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതേ സമയം വീണ്ടും ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് എതിരെ ഈ രാജ്യങ്ങളില്‍ പ്രതിഷേധവും ശക്തമാണ്. ലണ്ടന്‍ പോലുള്ള പ്രമുഖ നഗരങ്ങളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ മുഖാവരണം പോലും ധരിക്കാതെയാണ് ജനങ്ങളില്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്.
ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് മാത്രമാണ് കോവിഡിനെ നേരിടാനുള്ള മാര്‍ഗമെന്ന് ലോകരാജ്യങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ ഒരു പോലെ കരുതുന്നതിന് പിന്നില്‍ എത്രത്തോളം യുക്തിയുണ്ട്? ലോകത്ത് ഇതുവരെ 3.31 കോടി പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇതില്‍ 2.29 കോടി പേരും കോവിഡ് മുക്തരായി കഴിഞ്ഞു. അതായത് നിലവില്‍ കോവിഡ് ബാധിച്ചിരിക്കുന്നവര്‍ ഒരു കോടി പേര്‍ക്ക് മാത്രമാണ്. ഇതുവരെ 9.98 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. രോഗബാധിതരില്‍ ഏകദേശം മൂന്ന് ശതമാനം പേര്‍ മാത്രമാണ് മരിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാക്കി 97 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കെ കോവിഡിനെ ഭയന്ന് സാമൂഹിക ജീവിതം പൂര്‍ണമായി സ്‌തംഭിപ്പിക്കുന്ന സ്ഥിതി അധികാരികള്‍ തുടരുന്നു. ലോക് ഡൗണും ജീവിത സ്‌തംഭനവും മൂലം രോഗത്തേക്കാള്‍ വലിയ തിരിച്ചടികളിലൂടെ ആളുകള്‍ക്ക് കടന്നുപോകേണ്ടി വരുന്നു. എന്നിട്ടും കടുത്ത നിയന്ത്രണങ്ങള്‍ മാത്രമാണ് ഈ രോഗത്തെ നേരിടുന്നതിനുള്ള മാര്‍ഗമെന്ന് സര്‍ക്കാരുകള്‍ കരുതുന്നു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയും സമ്പദവ്യവസ്ഥയെ മരവിപ്പിക്കുകയും ചെയ്യുന്ന ലോക്‌ഡൗണിലൂടെ ഈ മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് രണ്ടാം ഘട്ട രോഗവ്യാപനം തെളിയിക്കുന്നത്. രോഗവ്യാപനത്തെ തടയാന്‍ വേണ്ടി ഏര്‍പ്പെടുത്തുന്ന ലോക്‌ഡൗണ്‍ വരുത്തി വെക്കുന്ന നഷ്‌ടങ്ങളെയും ആഘാതങ്ങളെയും കുറിച്ച് കൃത്യമായ സ്ഥിതിവിവരകണക്ക് പോലും ശേഖരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാതെയാണ് വീണ്ടും ഈ മാര്‍ഗത്തിലേക്ക് തിരിയുന്നത്. അറുപത് വയസിന് മുകളിലുള്ളവരും ഗുരുതരമായ രോഗങ്ങളുള്ളവരുമാണ് ഉയര്‍ന്ന റിസ്‌കുള്ളവരെന്നിരിക്കെ ആ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയന്ത്രണങ്ങളും പ്രത്യേക സുരക്ഷയും നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം മുഴുവന്‍ പേരെയും അടച്ചുപൂട്ടലിന് വിധേയമാക്കുന്ന രീതി എത്രത്തോളം ശാസ്‌ത്രീയമാണ് എന്ന ചോദ്യം ഏറെ പ്രസക്തമാണ്.
ലോകരാജ്യങ്ങള്‍ ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള ഒരു മത്സരത്തിലാണ്. അതേ സമയം മരുന്ന് കണ്ടെത്തുന്നതിനെ കുറിച്ച് എവിടെയും ഒരു ചര്‍ച്ചയും നടക്കുന്നതായി കാണുന്നില്ല. നിലവിലുള്ള മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് തരാതരം പോലെ ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കോവിഡിനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിന് പകരം `വാക്‌സിന്‍ വാര്‍’ തുടരുന്നതിന് പിന്നില്‍ വാക്‌സിന്‍ ലോബിയുടെ ഗൂഢാലോചന പോലുമുണ്ടോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്.
രോഗം ബാധിക്കുന്നവരുടെ സ്ഥിതിവിവര കണക്ക് ശാസ്‌ത്രീയമായിട്ടല്ല നിലവില്‍ കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ആദ്യഘട്ടത്തില്‍ കൈയടി വാങ്ങിയ കേരളത്തില്‍ പോലും അവതരിപ്പിക്കപ്പെടുന്നത്. നിലവില്‍ കോവിഡ് രോഗികളില്‍ സമ്പര്‍ക്കം മൂലം രോഗം വന്നവര്‍, അന്യസംസ്ഥാനത്തു നിന്ന് വന്നവര്‍, വിദേശത്തു നിന്ന് വന്നവര്‍ എന്നിങ്ങനെ രോഗപ്രതിരോധ പ്രവര്‍ത്തന ഘട്ടത്തില്‍ യാതൊരു പ്രയോജനവുമില്ലാത്ത വിവരങ്ങളാണ് ഓരോ ദിവസവും വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതിന് പകരം 60 വയസിന് മുകളില്‍ പ്രായമുള്ള രോഗികള്‍ എത്ര പേര്‍, എത്ര പേര്‍ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു, എത്ര പേര്‍ക്ക് ഐസിയുവോ വെന്റിലേറ്ററോ ആവശ്യമായി വരാന്‍ സാധ്യതയുണ്ട്, എത്ര പേര്‍ക്ക് ഗുരുതരമായ രോഗങ്ങളുണ്ട് എന്നിങ്ങനെ ഇനം തിരിച്ചുള്ള കണക്കാണ് ലഭ്യമാക്കുന്നതെങ്കില്‍ അത് മരണസാധ്യതയെ കുറിച്ചും ആവശ്യമായ വെന്റിലേറ്ററുകള്‍ പോലുള്ള തീവ്രപരിചരണ ഉപകരണങ്ങളുടെ ആവശ്യകത നിലവില്‍ എത്രത്തോളമെന്നതിനെ കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഉപകരിക്കും. രോഗത്തെ നേരിടുന്നതില്‍ ആസൂത്രിതമായ നീക്കങ്ങള്‍ക്ക് അത്തരം പ്രയോജനപ്രദമായ കണക്കുകള്‍ വഴിവെക്കും.