യുഎഇയുടെ സമഗ്രമായ വീസ പരിഷ്‌കാരങ്ങള്‍ ഗുണകരമാകുന്നത് ഫ്രീലാന്‍സ് പ്രഫഷണലുകള്‍ക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും
ദുബായ് : യുഎഇ പ്രഖ്യാപിച്ച പുതിയ വീസ പരിഷ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നടത്തിയത്.
നിലവിലുള്ള രണ്ട് വര്‍ഷത്തെ താമസ വീസയ്ക്ക് പകരമാണ് അഞ്ചു വര്‍ഷത്തെ താമസ വീസ.
പ്രഫഷണലുകളായ തൊഴിലാളികള്‍ക്ക് ഗ്രീന്‍ റസിഡന്‍സ് വീസയ്ക്ക് അര്‍ഹത നേടാം. ഇവര്‍ക്ക് തൊഴിലുടമയുടേയോ മറ്റ് പ്രാദേശിക സ്‌പോണ്‍സറുടേയോ ഗ്യാരണ്ടി ആവശ്യമില്ല.
ബിരുദമോ, സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമയോ ഉള്ളവര്‍ യുഎഇയുടെ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്ന് ഫ്രീലാന്‍സ്-സെല്‍ഫ് എംപ്ലോയിമെന്റ് പെര്‍മിറ്റ് ലഭ്യമാക്കണം. അപേക്ഷ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹമായിരിക്കണം. അതല്ലെങ്കില്‍ അഞ്ചു വര്‍ഷം രാജ്യത്ത് താമസിക്കാനുള്ള സാമ്പത്തിക ശേഷിയുടെ തെളിവ് അപേക്ഷകന്‍ ഹാജരാക്കണം.
വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും അഞ്ചു വര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സി വീസ ലഭ്യമാകും. ഇവര്‍ക്ക് ഏതെങ്കിലും തൊഴിലുടമ നല്‍കിയ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ള തൊഴില്‍ പട്ടികയിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള തൊഴില്‍ റാങ്കിങ്ങില്‍ ഉള്‍പ്പെടണം.
ബിരുദമായിരിക്കണം കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 15,000 ദിര്‍ഹം ശമ്പളം ലഭിക്കുന്നവരുമായിരിക്കണം.
സംരംഭകര്‍ക്കും കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ക്കും ഗ്രീന്‍ റസിഡന്‍സ് വീസ ലഭിക്കും. കോമേഴ്‌സ്യല്‍ ലൈസന്‍സില്‍ നിക്ഷേപം നടത്തിയതിന്റെ പേര് വിവരങ്ങളോ, നിക്ഷേപം നടത്തിയതിന്റെ തെളിവോ വേണം. രണ്ട് ലൈസന്‍സുകളില്‍ പേരുണ്ടെങ്കില്‍ ഇവയെല്ലാം പരിഗണിച്ചാകും മാനവവിഭവ ശേഷി മന്ത്രാലയം അനുമതി നല്‍കുക.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും രണ്ടു വര്‍ഷത്തെ താമസ വീസയാണ് ലഭിക്കുക. പക്ഷേ, സര്‍വ്വകലാശാലകളോ പഠിക്കുന്ന സ്ഥാപനമോ ഇവരെ സ്‌പോണ്‍സര്‍ ചെയ്യണം ഇതു കൂടാതെ റിമോട്ട് വര്‍ക് റസിഡന്‍സ് വിഭാഗത്തില്‍ ഒരു വര്‍ഷത്ത റസിഡന്‍സ് വീസയും വിരമിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തെ റസിഡന്‍സി വീസയും
യുഎഇയിലെ ഫ്രീ ഹോള്‍ഡ് മേഖലകളില്‍ വീട് വാങ്ങിയിട്ടുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ റിയല്‍ എസ്റ്റേറ്റ് ഓണര്‍ റസിഡന്‍സ് വീസയും ലഭിക്കും.











