തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് .
പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി പ്രിയയ്ക്ക് ഡോക്ടറാകുകയാണ് ലക്ഷ്യം.
ഹൈദരാബാദ് : മഞ്ഞളും ചോളവും വിളയുന്ന തെലുങ്കാനയിലെ മണ്ണില്‍ വിദ്യയുടെ നൂറുമേനി വിളപ്പെടുപ്പ് നടത്തുന്ന മലയാളി കുടുംബവും അവരുടെ പത്താം ക്ലാസ് റാങ്ക് ജേതാവായ മകളുമാണ് ഇപ്പോള്‍ താരങ്ങള്‍.
തെലുങ്ക് സംസാരിക്കുന്നവര്‍ മാത്രമുള്ള നാട്ടില്‍ ചെന്ന് കേരള സ്‌കൂള്‍ തുടങ്ങിയ തകഴി സ്വദേശി അനില്‍ സിംഗ് എന്ന അദ്ധ്യാപകന് മകളുടെ വിജയത്തില്‍ അഭിമാനം.
ഫിസിക്‌സ് അദ്ധ്യാപകനായ അനില്‍ സിംഗിനും ഇംഗ്ലീഷ് അദ്ധ്യാപികയുമായ സികെ ഷീനയ്ക്കും തങ്ങളുടെ സ്‌കൂളിന്റെ നൂറുമേനി വിജയത്തില്‍ അഹ്‌ളാദമുണ്ട്. അതിലേറെ ചാരിതാര്‍ത്ഥ്യവും.

സ്വന്തം മക്കളെ പോലെ പഠിപ്പിക്കുന്ന, തെലുങ്ക് സംസാരിക്കുന്ന കുട്ടികളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. ഇവരിലൊരാളായി മാറിയ തന്റെ മകള്‍ക്ക് പത്ത് ഗ്രേഡിംഗ് പോയിന്റുമായി സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമായി.
നഴ്‌സറി മുതല്‍ പത്തു വരെ പഠിപ്പിക്കുന്ന കേരള ഹൈസ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ അകലെയുള്ള വില്ലേജുകളില്‍ നിന്നുപോലും രക്ഷിതാക്കള്‍ എത്തുന്നു. കാരണം സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മീഡിയം സിലബസില്‍ കുറഞ്ഞ ഫീസില്‍ പഠിപ്പിക്കുന്നു എന്നതാണ്.
വിദ്യാഭ്യാസം കച്ചവടമായി കാണുന്ന പലരേയും പോലെയല്ല അനില്‍ സിംഗ്.ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാടകയ്ക്ക് എടുത്ത സ്ഥലത്ത് ചെറിയ കെട്ടിടം പണിത് സ്‌കൂള്‍ ആരംഭിച്ച വ്യക്തിയാണ് , തെലുങ്കാനയിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകനായി തൊഴില്‍ ലഭിച്ച അദ്ദേഹത്തിന് ഗ്രാമീണരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹം ഉദിച്ചു.

2017 ല്‍ നടന്ന സംസ്ഥാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മീറ്റില്‍
മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം സംസ്ഥാന ആഭ്യന്തര മന്ത്രിയില്‍ നിന്നും അനിലും ഷീനയും ചേര്‍ന്ന് സ്വീകരിക്കുന്നു.
തുടര്‍ന്ന് ഘട്ടം ഘട്ടമായി കെട്ടിടങ്ങള്‍ പണികഴിപ്പിച്ച് തുടങ്ങിയ സ്‌കൂളാണ് ഇന്ന് ഹൈസ്‌കൂള്‍ നിലവാരത്തില്‍ എത്തിയത്. ഇതിന്നിടയ്ക്ക് മലയാളിയും അദ്ധ്യാപികയുമായ ചങ്ങനാശേരി സ്വദേശി ഷീനയെ വിവാഹവും കഴിച്ചു. ഇതോടെ ഇംഗ്ലീഷ് അദ്ധ്യാപികയായ ഷീന അനിലിന്റെ കേരള ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു.
സയന്‍സ് അദ്ധ്യാപകനായ അനിലും ഇംഗ്ലീഷ് അദ്ധ്യാപികയായ ഷീനയും തുടങ്ങി വെച്ച അറിവിന്റെ ലോകം ഇന്ന് തെലുങ്കാനയിലെ മല്ലാപൂര്‍ എന്ന ഗ്രാമത്തില്‍ വെളിച്ചം വിതറുകയാണ്.
തലസ്ഥാനമായ ഹൈദരബാദില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള കൃഷിക്കാര്‍ മാത്രം താമസിക്കുന്ന ഗ്രാമമാണ് മല്ലാപൂര്‍ നിയമസഭാ മണ്ഡലം. പിന്നേയും ഉള്ളിലേക്ക് മാറിയാണ് ന്യൂധാമരാജ്പള്ളിയെന്ന സ്ഥലം. ഇവിടെയാണ് അനില്‍ സിംഗിന്റെ സ്‌കൂള്‍.
ഈ ഗ്രാമത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രണ്ട് സ്‌കൂളുകള്‍ ഉണ്ട്. പക്ഷേ ഇംഗ്ലീഷ് മീഡിയം സിലിബസ് ഉള്ള ഒരു സ്‌കൂള്‍ ആ മേഖലയില്‍ കേരള ഹൈസ്‌കൂള്‍ മാത്രം.
മലയാളികള്‍ പഠിപ്പുള്ളവരാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും സാക്ഷരതയും പ്രബുദ്ധതയും ഉള്ളവരാണെന്നും ഇവിടുത്തുകാര്‍ക്ക് അറിയാം. ഇതു തന്നെയാണ് ഭാഷയുടെ പേരില്‍ സ്വന്തം നാടിനെ അതിരറ്റ് സ്‌നേഹിക്കുന്ന തെലുങ്കന്‍മാര്‍ കേരള സ്‌കൂളില്‍ തങ്ങളുടെ മക്കളെ വിശ്വാസ്യതയോടെ പഠിപ്പിക്കാന്‍ ഏല്‍പ്പിക്കുന്നത്.
പതിനെട്ട് അദ്ധ്യാപകരും അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുമുള്ള അനില്‍ സിംഗിന്റെ സ്‌കൂളിന് അയല്‍ വില്ലേജുകളിലും നല്ല പേരാണ്. വിരലിലെണ്ണാവുന്ന മലയാളി കുട്ടികള്‍ ഉണ്ടെങ്കിലും കേരള ഹൈസ്‌കൂളില്‍ ഭൂരിഭാഗവും തെലുങ്ക് സംസാരിക്കുന്ന കുട്ടികള്‍ തന്നെയാണ്.
തെലുങ്ക് സെക്കന്‍ഡ് ല്വാംഗേജാണ്, പക്ഷേ, അനില്‍ സിംഗ് തന്റെ മക്കളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷീന മലയാളം മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇവിടെയുള്ള മലയാളി കുട്ടികളെ ഒഴിവു സമയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നുണ്ട്. സ്വാതി പ്രിയ തെലുങ്കാനയില്‍ ജി എസ് പ്രദീപ് നടത്തിയ മലയാളം മിഷന്‍ മത്സരത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
അനില്‍ -ഷീന ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ദേവപ്രിയ അഞ്ചാം ക്ലാസില്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്നു. ചിട്ടയായ പഠനമാണ് മകളുടെ മികച്ച വിജയത്തിന് കാരണമെന്ന അനിലും ഷീനയും പറയുന്നു.
സ്‌കൂളിലെ പഠന ശേഷം വീട്ടിലെത്തിയ ശേഷവും മനസ്ലിലാകാത്ത കാര്യങ്ങള്‍ വീണ്ടും മക്കള്‍ക്ക് പറഞ്ഞു കൊടുക്കും. ചിട്ടയായ പഠനരീതി പിന്തുടര്‍ന്ന സ്വാതി പ്രിയ ചെറുപ്പം മുതലേ എല്ലാ വിഷയങ്ങളിലും മികച്ച് ഗ്രേഡ് കരസ്ഥമാക്കാറുണ്ട്.
പഠനത്തിലെന്ന പോലെ പഠേനതര വിഷയങ്ങളിലും സ്വാതി പ്രിയ മിടുക്കിയാണ്. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് കരസ്ഥമാക്കിയതാണ് ഇതില്‍ ഏറ്റവും മികവാര്‍ന്ന നേട്ടം. ഇതു കൂടാതെ ചിത്രം വരയും ഉണ്ട്. അനുജത്തി ദേവപ്രിയയും ചിത്രവരയ്ക്കും.

പത്താം ക്ലാസിലെ ഉന്നത വിജയത്തിനു ശേഷം സ്വാതി പ്രിയ അമ്മയുടെ വീടിനടുത്ത് ചങ്ങനാശേരി തെങ്ങണയിലെ ഗുഡ്‌ഷെപേര്‍ഡ് സ്‌കൂളില്‍ സയന്‍സ്, മാത് സ് ഐച്ഛിക വിഷയമായി എടുത്ത് പ്ലസ്ടൂവിന് ചേര്‍ന്നു കഴിഞ്ഞു.
മകളെ ഹോസ്റ്റലിലാക്കിയ ശേഷമാണ് അനിലും ഷീനയും തെലുങ്കാനയിലേക്ക് മടങ്ങി വന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവര്‍ നാട്ടിലേക്ക് വരുന്നത്. തകഴിയിലെ അനിലിന്റെ തറവാട്ടു വീട്ടില്‍ അമ്മയും രണ്ട് സഹോദരങ്ങളുമുണ്ട്.
മല്ലാപൂരില്‍ നിന്നും അടുത്ത റെയില്‍ വേ സ്റ്റേഷനായ വാറങ്കലിലേക്ക് നാലര മണിക്കൂര്‍ ബസ് യാത്ര ചെയ്തു വേണം എത്താന്‍. ഇവിടെ നിന്നും കേരള എക്‌സ്പ്രസില്‍ 26 മണിക്കൂര്‍ ട്രെയിന്‍ യാത്രയും കഴിഞ്ഞ് തിരുവല്ലയില്‍ ഇറങ്ങി വേണം ഇവര്‍ക്ക് ജന്‍മനാട്ടിലെത്താന്‍.
നാടും വീടും വിട്ട് പ്രവാസ ജീവിതം നയിക്കുന്ന അനിലിനും ഭാര്യ ഷീനയ്ക്കും മല്ലാപൂര്‍ ഇപ്പോള്‍ സ്വന്തം നാടാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ടവരും. വരുംകാല തലമുറകളെ വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് നടത്തി അവരെ ജീവിത വിജയം നേടാന്‍ സഹായിക്കുകയാണ് ഇരുവരും. മകളുടെ പഠനത്തിലെ നേട്ടം ഇവരുടെ സാര്‍ത്ഥക ജീവിത്തത്തിന് ഇരട്ടി മധുരമാണ് നല്‍കുന്നത്.












