English മലയാളം

Blog

കോവിഡിന്‌ ഹോമിയോ പ്രതിരോധ മരുന്ന്‌ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ നമ്മുടെ സംസ്ഥാനത്ത്‌ ഒരു തര്‍ക്കം നടക്കുകയാണ്‌. ഹോമിയോ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ വാക്കുകളാണ്‌ തര്‍ക്കത്തിന്‌ ഇപ്പോള്‍ ചൂട്‌ പകര്‍ന്നിരിക്കുന്നത്‌. കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ ലോക ആരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രോട്ടോകോള്‍ പിന്തുടരുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന സര്‍ക്കാരിലെ ആരോഗ്യമന്ത്രിയാണ്‌ ഇത്തരമൊരു നിലപാട്‌ കൈകൊണ്ടിരിക്കുന്നത്‌.

കൊറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിലുള്ള അക്ഷീണ യത്‌നത്തിലാണ്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. ആര്‌ ആദ്യം വാക്‌സിന്‍ ജനങ്ങള്‍ക്കിടയിലേക്ക്‌ എത്തിക്കുമെന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു മത്സരം തന്നെയുണ്ട്‌. ദീര്‍ഘമായ സമയം ആവശ്യമായി വരുന്ന വാക്‌സിന്‍ പരീക്ഷണമാണ്‌ വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്‌. അന്തിമഘട്ട പരീക്ഷണവും വിജയകരമായാല്‍ മാത്രമേ അത്‌ വിപണിയിലെത്തിക്കാനാകൂ. യാതൊരു സുതാര്യതയുമില്ലാത്ത റഷ്യയില്‍ പരീക്ഷണം വിജയകരമാണെന്നാണ്‌ അവകാശവാദമെങ്കിലും വാക്‌സിന്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ്‌ അവര്‍ തന്നെ പറയുന്നത്‌.

Also read:  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഗുലാം നബി ആസാദിനെ മാറ്റി

ആധുനിക വൈദ്യശാസ്‌ത്രത്തിനു കീഴില്‍ വാക്‌സിനും പ്രതിരോധ മരുന്നുമൊക്കെ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും ദീര്‍ഘമായ കാലയളവ്‌ നിര്‍ബന്ധമാണ്‌. കാലയളവ്‌ സംബന്ധമായ നിബന്ധനയില്‍ വെള്ളം കലര്‍ത്തി മരുന്ന്‌ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക സാധ്യമല്ല. അതേ സമയം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്നതും ആരോഗ്യമന്ത്രി തന്നെ ശുപാര്‍ശ ചെയ്യുന്നതുമായ ഹോമിയോ പ്രതിരോധ മരുന്ന്‌ ഇത്തരത്തിലുള്ള ഏതെങ്കിലും പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണോ ഉപയോഗിക്കപ്പെടുന്നതെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ ബാധകമായ ക്ലിനിക്കല്‍ ട്രയല്‍ ഹോമിയോപതി പോലുള്ള ബദല്‍ ചികിത്സാ മാര്‍ഗങ്ങള്‍ക്ക്‌ ബാധകമല്ലെന്നാണോ അത്‌ ശുപാര്‍ശ ചെയ്യുന്നവരുടെ വാദം?

ഹോമിയോപതി പത്തനംതിട്ട ഡിഎംഒ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ്‌ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന്‌ ശാസ്‌ത്ര അധ്യാപിക കൂടിയായ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടത്‌. കുറച്ചു പേരില്‍ നടത്തിയ മരുന്ന്‌ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ ഈ പഠനം നടന്നിട്ടുണ്ടാകുക. വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്‌ കുറെ പേരില്‍ അത്‌ വിജയകരമാണെന്ന വിലയിരുത്തലോടെയാണ്‌. രണ്ടാം ഘട്ടം വിജയകരമായതു കൊണ്ടു മാത്രം അത്‌ ഉപയോഗയോഗ്യമാണെന്ന നിഗമനത്തിലെത്താറില്ല. രണ്ടാം ഘട്ടത്തില്‍ നടത്തിയതിനേക്കാള്‍ പല മടങ്ങ്‌ ആള്‍ക്കാരില്‍ പരീക്ഷിക്കുകയാണ്‌ മൂന്നാമത്തെ ഘട്ടത്തില്‍ ചെയ്യുന്നത്‌. അതും വിജയകരമായാല്‍ മാത്രമേ വാക്‌സിന്‌ അനുമതി ലഭിക്കുകയുള്ളൂ.

Also read:  കോവിഡ്-19: ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും 75 കോടി ഡോളറിന്‍റെ കരാർ ഒപ്പുവച്ചു

ആധുനിക വൈദ്യശാസ്‌ത്രത്തില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രക്രിയ ഇങ്ങനെയാണെന്നിരിക്കെ ഒരു ഡിഎംഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹോമിയോ പ്രതിരോധ മരുന്ന്‌ ഉപയോഗിക്കാവുന്നതാണെന്ന്‌ ഒരു ആരോഗ്യമന്ത്രി പറയുന്നത്‌ ശാസ്‌ത്രീയമായ മാനദണ്‌ഡങ്ങളെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണ്‌. വൈദ്യശാസ്‌ത്രത്തില്‍ ഏറെ പുരോഗമിച്ച രാജ്യങ്ങളില്‍ നടക്കുന്ന ആസൂത്രിതവും ശാസ്‌ത്രീയവുമായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക്‌ ബദലാണോ കേരളത്തിലെ ഒരു ഡിഎംഒ നടത്തിയ പഠനം?

Also read:  "എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ", നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

ഡെങ്കിപനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയങ്ങളിലൊക്കെ ഹോമിയോ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന അവകാശവാദത്തോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അവയുടെ വിതരണം നടക്കാറുണ്ട്‌. ഈ അവകാശവാദത്തിന്‌ ഏതെങ്കിലും പഠനത്തിന്റെ പിന്‍ബലമുണ്ടോ എന്നറിവില്ല. പ്രതിരോധ മരുന്ന്‌ വിതരണം ചെയ്യുന്നതിന്‌ മുമ്പുള്ള പഠനങ്ങള്‍ ഒരു ശാസ്‌ത്രശാഖക്ക്‌ മാത്രം ബാധകമാവുകയും മറ്റുള്ള ശാഖകളില്‍ `തോന്നുംപടി കുറിപ്പടി’ എന്നുമാണ്‌ സ്ഥിതിയെങ്കില്‍ അത്‌ എന്തു മാത്രം അനാരോഗ്യകരമായ പ്രവണതയാണെന്ന്‌ ആരോഗ്യമന്ത്രി തിരിച്ചറിയണം. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്രബോധം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പോലുള്ള സ്വതന്ത്ര സംഘടനകള്‍ക്ക്‌ ഈ വിവാദത്തോടുള്ള നിലപാട്‌ എന്താണെന്ന്‌ അറിയാനും ശാസ്‌ത്രകുതുകികള്‍ക്ക്‌ താല്‍പ്പര്യമുണ്ടാകും.