മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ വച്ച് ഇന്നലെ രാത്രിയാണ് മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന സിദ്ദിഖിയെ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയ് സംഘമാണെന്ന് സംശയിക്കുന്നതിനിടെയാണ് സൽമാൻ ഖാനുമായി അടുപ്പമുള്ളവർക്ക് നേരെ ഭീഷണി.
സിദ്ദിഖി കൊലപാതത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി ബിഷ്ണോയ് സംഘത്തിന്റെ ഭാഗമെന്ന് വിശ്വസിക്കുന്ന ഷിബു ലോംകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നതിനാലാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ വാദം. സിദ്ദിഖിക്ക് സൽമാൻ ഖാനുമായി ബന്ധമുണ്ടായിരുന്നുവെന്നും പോസ്റ്റിൽ കൊലപാതക കാരണമായി പറയുന്നു. സൽമാൻ ഖാന്റെ വീടിന് പുറത്തുനടന്ന വെടിവെപ്പിലെ പ്രതിയായ അഞ്ജു ഥാപ്പൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതും കൊലപാതക കാരണമായി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മെയ് ഒന്നിനാണ് ഥാപ്പനെ മുംബൈയിലെ ക്രൈം ബ്രാഞ്ച് ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയെന്നാണ് അന്ന് പൊലീസ് നൽകിയ റിപ്പോർട്ട്. എന്നാൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ഥാപ്പറിന്റെ കുടുംബത്തിന്റെ ആരോപണം.
ആരുമായും ഞങ്ങൾക്ക് ശത്രുതയില്ല, എന്നാൽ സൽമാൻ ഖാനെയോ ദാവൂദ് ഇബ്രാഹിം സംഘത്തെയോ സഹായിച്ചാൽ സൂക്ഷിക്കുക, എന്നാണ് ലോംകർ ഫേസ്ബുക്കിൽ കുറിച്ചത്.
ആഢംബര പാർട്ടികൾ നടത്തുന്നതിൽ പ്രസിദ്ധനാണ് സിദ്ദിഖി. ബോളിവുഡുമായി അടുത്ത ബന്ധമുള്ള സിദ്ദിഖിയാണ് അഞ്ച് വർഷത്തോളം നീണ്ട ഷാരൂഖ് – സൽമാൻ ശീതയുദ്ധം അവസാനിപ്പിക്കാൻ 2013 ൽ പാർട്ടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം മുതൽ സൽമാൻ ഖാനുമായുള്ള അടുപ്പത്തിൻ്റെ പേരിൽ രണ്ട് സെലിബ്രിറ്റികളെയെങ്കിലും ബിഷ്‌ണോയ് സംഘം ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വെടിയേറ്റ സിദ്ദിഖിയെ പ്രവേശിപ്പിച്ച ആശുപത്രി സൽമാൻ ഖാൻ ശനിയാഴ്ച സന്ദർശിച്ചിരുന്നു. കൂടാതെ സിദ്ദിഖിയുടെ വസതിയിലും അദ്ദേഹം എത്തിയിരുന്നു.
2023 നവംബറിൽ, പഞ്ചാബി ഗായകൻ ജിപ്പി ഗ്രെവാളിൻ്റെ കാനഡയിലെ വാൻകൂവറിലെ വീടിന് നേരെ ബിഷ്ണോയ് സംഘം വെടിയുതിർത്തിരുന്നു. സൽമാൻ ഖാനെ പുകഴ്ത്തുകയും “സഹോദരനെപ്പോലെ” കാണുകയും ചെയ്തതിനാലാണ് ഇത് ചെയ്തതെന്ന് ബിഷ്ണോയ് സംഘം പിന്നീട് പറഞ്ഞിരുന്നു.
സൽമാൻ ഖാനെ ചിത്രീകരിച്ചുള്ള വീഡിയോ പുറത്തുവിട്ട പഞ്ചാബി ഗായകൻ എ പി ധില്ലന്റെ വീടിന് നേരെയും വെടിയുതിർത്തിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമായ രോഹിത് ഗോദരയായിരുന്നു ഈ വെടിവെപ്പിന് പിന്നിൽ.
കൃഷ്ണമൃഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാനെതിരെ ബിഷ്ണോയ് സംഘം നിരന്തരമായി ഭീഷണിയുയർത്തുന്നത്. സൽമാൻ ഖാനെ കൊല്ലുമെന്നും സംഘം ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നു. കൃഷ്ണമൃഗത്തെ വിശുദ്ധമൃഗമായാണ് ബിഷ്ണോയ് വിഭാഗം കണക്കാക്കുന്നത്. ഇതോടെ സൽമാൻ ഖാനുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.