കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വിഭാഗം പരസ്യമായി രംഗത്ത്. മുന്‍ എംഎല്‍എയും മന്ത്രിയും എന്ന നിലയില്‍ കെ ബാബുവാണ് സ്വീകാര്യനെന്നും സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്‍ വേണുഗോപാല്‍, പി കെ സുരേഷ് എന്നിവരുടേതാണ് രാജി ഭീഷണി മുഴക്കിയത്.
കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പാര്‍ട്ടി ബാബുവിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്ന് ആര്‍ വേണുഗോപാല്‍ അറിയിച്ചു. ബിജെപിയുടെ വളര്‍ച്ചയാണ് തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് ഭയക്കുന്നതെന്നും സ്വ രാജിനെ പാര്‍ട്ടിക്ക് പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് ചോരാതിരിക്കണമെങ്കില്‍ കെ ബാബു തന്നെ മത്സരിക്കണം. ബാബുവിന് സീറ്റില്ലെങ്കില്‍ രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജകം മണ്ഡലം ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കുമെന്നും ആര്‍ വേണുഗോപാല്‍ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തൃപ്പൂണിത്തുറയില്‍ ബൂത്ത് പ്രസിഡന്റുമാര്‍ യോഗം ചേരും.
