ദുബൈ: രണ്ടു മാസം നീണ്ട വേനൽ അവധിക്കുശേഷം യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വീണ്ടും ഫസ്റ്റ് ബെൽ മുഴങ്ങുകയാണ്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സ്കൂളുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങളും മാർഗ നിർദേശങ്ങളും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളെ ആദ്യ ദിനം സ്കൂളിലെത്തിക്കുന്നതിന് ജീവനക്കാരായ രക്ഷിതാക്കൾക്ക് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ജോലി സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി സ്കൂളിലും തിരികെ ഭവനങ്ങളിലും എത്തിക്കുന്നതിൽ സ്കൂൾ ബസുകളുടെ പങ്ക് നിർണായകമാണ്. അപകടങ്ങളില്ലാതെ കുട്ടികളെ സുരക്ഷിതമാക്കുന്നതിന് സ്കൂൾ ബസുകൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് വിദ്യാഭ്യാസ, ഗതാഗത മന്ത്രാലങ്ങൾ. രക്ഷിതാക്കൾ, വിദ്യാർഥികൾ, അറ്റൻഡർമാർ, സ്കൂൾ അധികാരികൾ എന്നിവർ പാലിക്കേണ്ട മുൻകരുതലുകളാണ് മാർഗ നിർദേശങ്ങളിൽ പ്രധാനം.