യു.എ.ഇ യിൽ റെസിഡൻസി പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. കാലഹരണപ്പെട്ട വിസയും എമിറേറ്റ്സ് ഐഡിയുമുള്ള പൗരന്മാർ ഓൺലൈനിലൂടെയും അതോറിറ്റിയുടെ സ്മാർട്ട് ചാനലുകൾ വഴിയുമാണ് പുതുക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടത് . കൊവിഡ് -19 പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്രങ്ങളിലെ ജനക്കൂട്ടത്തെ ഒഴിവാക്കുന്നതിനാണ് നടപടി. അനുവദിച്ച ഗ്രേസ് പിരീഡ് ശ്രദ്ധിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.മാർച്ചു, ഏപ്രിൽ മാസങ്ങളിൽ കാലാവധി കഴിഞ്ഞ റെസിഡൻസി വിസയ്ക്കും ഐഡിക്കുമായുള്ള പുതുക്കൽ അപേക്ഷയാണ് ഇപ്പോൾ സ്വീകരിച്ചു തുടങ്ങിയത്.
എമിറാത്തികൾക്കും ജിസിസി പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും രേഖകൾ പുതുക്കുന്നതിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഐസിഎയുടെ വക്താവ് ബ്രിഗേഡിയർ ഖാമിസ് മുഹമ്മദ് അൽ കാബി പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിസകളും ഐഡികളും കാലാവധി കഴിഞ്ഞവർക്കായി പുതുക്കൽ പ്രക്രിയ ആരംഭിച്ചതായും, മെയ് മാസത്തിൽ റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടവർക്ക് പുതുക്കൽ ആഗസ്റ്റ് 11 മുതൽ സ്വീകരിക്കുമെന്നും ജൂൺ 1 മുതൽ ജൂലൈ 12 വരെ കാലഹരണപ്പെട്ട വിസയുള്ളവർക്ക് സെപ്റ്റംബർ 10 മുതൽ അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.