മസ്കത്ത് : മസ്കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം നാലു വരെയായിരിക്കും ക്യാംപ്.ഇന്ത്യൻ എംബസിയിൽ നിന്നുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംബന്ധിക്കും. അപേക്ഷകൾക്കും മറ്റു സേവനങ്ങൾക്കും വരുന്നവർ പാസ്പോർട്ട്, സിവിൽ ഐ ഡി കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും കൊണ്ടുവരണം. അതേസമയം, സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് പുതുക്കലുകൾ സ്വീകരിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ബാത്തിന, ബുറൈമി മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും എംബസി ഒരുക്കുന്ന കോൺസുലാർ ക്യാംപ്. തുടർ സേവനങ്ങൾ എംബസി വഴിയും ലഭ്യമാക്കും. വിവരങ്ങൾക്ക്: 99385148.
ക്യാംപിൽ ലഭിക്കുന്ന സേവനങ്ങൾ
- പവർ ഓഫ് അറ്റോണി അറ്റസ്റ്റേഷൻ
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ
- സത്യവാംഗ്മൂലം അറ്റസ്റ്റേഷൻ
- പാസ്പോർട്ടിൽ പേരിന്റെ അക്ഷരവിന്യാസത്തിലോ കുടുംബപ്പേര് ചേർക്കുന്നതിനോ പേരുകൾ വിഭജിക്കുന്നതിനോ ഉള്ള അപേക്ഷകൾ സ്വീകരിക്കൽ
- നവജാത ശിശുക്കളുടെ ജനന റജിസ്ട്രേഷൻ
- എൻ ആർ ഐ, സി ഐ ഡബ്ല്യുു ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾ) എന്നീ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ സ്വീകരിക്കൽ
- ഇന്ത്യയിൽ വായ്പ എടുക്കുന്നതിനുള്ള സാലറി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ.