രാജീവ് ആലുങ്കൽ
സാഹിത്യകാരൻ ഇന്ന് വൈശാഖൻ മാഷിന് എൺപതു തികഞ്ഞു. മലയാളത്തിലെ ആദ്യത്തെ റെയിൽവേ കഥയായ ”നിഴൽ യുദ്ധം ” എത്ര ലളിതമായി കഥ പറയണമെന്നതിൻ്റെ മികച്ച ഉദാഹരണമാണ്. അതേ പശ്ചാത്തലത്തിലെഴുതിയ ഹനുമന്തത്തിൻ്റെ കുതിരകൾ, നൂൽപ്പാലം കടക്കുന്നവർ എന്നീ കഥകളും ലളിതമായ ആഖ്യാനങ്ങൾ തന്നെ. അപ്പീൽ അന്യായ ഭാഗം, യമകം സൈലൻസർ അങ്ങിനെ എത്രയെത്ര കഥകൾ. റെയിൽവേയിൽ ജോലിക്കാരനായിരുന്ന M.K .ഗോപിനാഥൻ നായരെന്ന വൈശാഖൻ സാധാരണക്കാരനായ ജീവിതയാത്രക്കാരനു മനസ്സിലാകണം തൻ്റെ കഥകളെന്ന നിർബന്ധബുദ്ധി എന്നും പുലർത്തിപ്പോന്നു.
ഇന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ
എ. സുരേഷ്, വൈശാഖൻ മാഷുമായി നടത്തിയ അഭിമുഖം പുതിയ അറിവും അനുഭവവുമേകി.. ഇടയ്ക്ക് സുരേഷിൻ്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു.
” നിർമ്മിത ബുദ്ധിയും ജനിതക സങ്കേതികതയും, മനുഷ്യൻ്റെ ജൈവീക സങ്കൽപ്പത്തേയാകെ മാറ്റിത്തീർക്കുകയാണിപ്പോൾ .താങ്കൾ ഇതിനെ എങ്ങിനെ കാണുന്നു.?”
ആർക്കെങ്കിലും ചോദ്യത്തിൻ്റെ അത്ഥം പിടി കിട്ടിയോ?
മനുഷ്യനു മനസ്സിലാകാത്ത ഭാഷയിൽ. മനുഷ്യൻ്റെ മനസ്സറിഞ്ഞ് ലളിത ഭാഷയിലെഴുതിയ ഒരാളോട് ഇങ്ങനെ ചോദിക്കാൻ തോന്നുന്ന സുരേഷുമാർ ഒത്തിരിയുള്ള നാടാണു നമ്മുടേത്. വാക്കുണ്ടാകുന്നത് തെരുവിലാണ്.അത് അക്കാദമിയിലെത്തുമ്പോൾ മരിച്ചു പോകരുത്.സാഹിത്യ അക്കാദമി ചെയർമാനായ മാഷിനോട് അൽപ്പം കടുപ്പത്തിൽ സംസാരിച്ചു കളയാമെന്ന് ചോദ്യകർത്താവിന് തോന്നിയതായിരിക്കാം. ബുദ്ധി സമ്മതിക്കുന്ന വിചാരങ്ങളെ മനസ്സിന് പിടികിട്ടുമോ എന്ന് ഒത്തിരിവട്ടം ചിന്തിച്ചുറച്ച് പേന തുറന്ന ബഷീറുമാരേയാണ് പാവങ്ങൾക്കിഷ്ടം.