കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി എല്ലാവർക്കും എല്ലാവർക്കും സൗജന്യമായി കോവിഡ് 19 പരിശോധന നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡൻറുമായ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ആവശ്യപ്പെട്ടു.
രോഗലക്ഷണങ്ങളുള്ളവരേയും രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരേയും മാത്രമാണ് ഇപ്പോൾ കോവിഡ് പരിശോധന നടത്തുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ ഒരോ വ്യക്തിയുടേയും ആരോഗ്യസ്ഥിതിക്കനുസരിച്ച് വ്യത്യാസം വരാം.
സാർവത്രികമായി പരിശോധന നടത്തിയാൽ മാത്രമേ സാമൂഹ്യ പകർച്ച ഉണ്ടായിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പല രോഗികൾക്കും എങ്ങനെ രോഗം ബാധിച്ചുവെന്നത് കണ്ടുപിടിക്കാനായിട്ടില്ല.
എല്ലാവർക്കും പരിശോധന നടത്തി സാമൂഹ്യ രോഗ പകർച്ച ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താതെ കേരളം കോവിഡിനെ പിടിച്ചു കെട്ടി എന്ന് ഊറ്റം കൊണ്ടിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ താഴ്ത്തിക്കാണിക്കുകയല്ല. മറിച്ച് കേരള ജനതയെ കോവിഡ് ഭീതിയിൽ നിന്ന് മുക്തരാക്കുക എന്നതാണ് കേരള കോൺഗ്രസ് (എം) ൻ്റെ ലക്ഷ്യമെന്നും അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ പ്രസ്താവനയിൽ പറഞ്ഞു.