ഷാർജ/പാരിസ് : ഷാർജയുടെ സമൃദ്ധവും വൈവിധ്യമാർന്നതുമായ സാംസ്കാരിക പൈതൃകം ആഗോളരംഗത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഫ്രഞ്ച് ദേശീയ ലൈബ്രറിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ലൈബ്രറികൾ, ബാലസാഹിത്യം, കൈയെഴുത്തുപ്രതികൾ തുടങ്ങിയ മേഖലകളിൽ ഭാവിയിൽ സംയുക്ത പദ്ധതികൾക്കുള്ള സാധ്യതകൾ ചർച്ച ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
അറബി ഭാഷയുടെ സമ്പന്നമായ പൈതൃകത്തെയും ദൈർഘ്യമേറിയ ചരിത്രത്തെയും ലോകമറിവിക്കുക എന്ന ധാരണയോടെ “Historic Corpus of the Arabic Language” ഗ്രന്ഥസമൂഹം ഫ്രഞ്ച് ദേശീയ ലൈബ്രറിയിലേക്ക് ഹസ്താന്തരപ്പെടുത്തി. ഇതിന് പുറമെ “Sharjah Literary Days in Paris” എന്ന പേരിൽ പാരിസിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കാനുള്ള പദ്ധതിയും ആലോചിച്ചുവെന്ന് അധികൃതർ അറിയിച്ചു.
“ലൈബ്രറികൾ അറിവിന്റെ ഇടപെടൽ കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. അറബ് സംസ്കാരത്തെ ആഗോളതലത്തിൽ കൂടുതൽ ശക്തമായി എത്തിക്കാനും, ഷാർജയെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക പാലമായി മാറ്റാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന്” ഷെയ്ഖ ബുദൂർ പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് ഗിൽസ് പെകൂ, പുസ്തക ശേഖരണ വിഭാഗം ഡയറക്ടർ മേരി ഡി ലോബിയർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ, സംയുക്ത പരിപാടികൾ, ബാലസാഹിത്യ ഉത്സവങ്ങൾ, സാങ്കേതിക സഹകരണ സാധ്യതകൾ തുടങ്ങിയ നിരവധി മേഖലകളിൽ സഹകരണം തുടർക്കഥയാകാൻ ധാരണയായി.
ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ അംറി അടക്കമുള്ള ഉദ്യോഗസ്ഥരും ഷെയ്ഖ ബുദൂറിന്റെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ഈ സന്ദർശനം ഷാർജയുടെ സാംസ്കാരിക നീക്കങ്ങൾക്കു കൂടുതൽ ആഗോള ദിശയിലേക്കുള്ള വാതായനങ്ങൾ തുറക്കുമെന്നും, അറബിക പൈതൃകത്തിന്റെ അന്തർദേശീയ അംഗീകാരം വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.