ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ പ്രമുഖർ പങ്കെടുത്തു. യോഗത്തിന് ഖത്തർ ചേംബറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) ചേർന്ന് നേതൃത്വം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മാർഗങ്ങളും സംയുക്ത യോഗം ചർച്ച ചെയ്തു.
യോഗത്തിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളെക്കുറിച്ചും റീട്ടെയിൽ, , ബാങ്കിങ്, ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമൊബൈൽസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മിഡിൽ ഈസ്റ്റ് ചെയർമാൻ അദീബ് അഹമ്മദ് സംസാരിച്ചു. ബിസിനസ്, സാംസ്കാരിക മേഖലകളിൽ ഖത്തറിലെ ഇന്ത്യക്കാർ നൽകിയ സംഭാവനകൾ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിരക്കും മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള ഇന്ത്യൻ സർക്കാരിന്റെ വിവിധ സംരംഭങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളും, അത് വളർന്നുവരുന്നതായും, ഖത്തർ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലും കോർപ്പറേറ്റ് ഘടനകളുടെ വിവിധ തലങ്ങളിലുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ കുറിച്ചും ഖത്തർ ചേംബർ പ്രതിനിധി സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ എനർജി, ഇലക്ട്രിക് വാഹനങ്ങൾ, ആരോഗ്യ സംരക്ഷണം, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഐടി, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ വ്യവസായകർ നൽകുന്ന സംഭാവനകൾ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിൽ ഓരോ രാജ്യത്തുനിന്നും 19 മികച്ച ബിസിനസുകാർ ഉൾക്കൊള്ളുന്ന സമിതിയാണ്. വ്യാപാരം, നിക്ഷേപം , സേവനങ്ങൾ, മറ്റ് വ്യാവസായിക മേഖലകൾ എന്നിവയിൽ കൂടുതൽ വ്യവസ്ഥാപിതമായി ബിസിനസ് പ്രോത്സാഹന പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സമിതി രൂപീകരിച്ചത്.
