മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ് അഞ്ചാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് അഡ്മിറൽ ജോർജ് എം. വിക്കോഫ്, ബഹ്‌റൈനിലെ അൽ ആലിയയിലെ അമേരിക്കൻ മിഷൻ ആശുപത്രി (എ.എം.എച്ച്) സന്ദർശിച്ചു. ആശുപത്രിയുടെ കോർപ്പറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാനുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി ആശുപത്രിയിലെ വിവിധ സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഘടകങ്ങൾ ഉപയുക്തമായി നിരീക്ഷിക്കുകയും ഡോ. ചെറിയാന്റെ നേതൃത്വത്തിൽ വിശദമായ വിവരങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. കൂടാതെ, ആശുപത്രി ഗ്രൂപ്പ് സി.ഇ.ഒ ജൂലിയ ടോവി, ആശുപത്രിയുടെ 120 വർഷത്തെ പാരമ്പര്യത്തെ ആസ്പദമാക്കി എഴുതി തയ്യാറാക്കിയ പുസ്തകം ‘A Journey Through the Decades‘ വൈസ് അഡ്മിറലിന് സമ്മാനിച്ചു.
യു.എസ് നേവിയിലെ മുതിർന്ന ഉദ്യോഗസ്ഥരും എ.എം.എച്ച് ആശുപത്രി നേതൃത്വ സംഘവും ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലേയും അമേരിക്കയിലേയും ആരോഗ്യം സംബന്ധിച്ച സഹകരണം, ആശുപത്രിയുടെ പാരമ്പര്യവും സേവന ചരിത്രവും, രണ്ട് രാജ്യങ്ങൾക്കുമിടയിലെ ദീർഘകാല ബന്ധങ്ങളും ചർച്ചചെയ്ത് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി.
ഈ സന്ദർശനം യു.എസ്-ബഹ്‌റൈൻ രാഷ്‌ട്ര ബന്ധങ്ങളിൽ ആരോഗ്യരംഗത്തെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.