കേരളത്തില്‍ കോവിഡ് വാക്‌സീന്‍ സൗജന്യമായിത്തന്നെ നല്‍കും. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലര്‍ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സീന്‍ സൗജന്യമായിത്തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗജന്യ വാക്സിന്‍ എന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യം തന്നെയാണ്. ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്ന് വാക്‌സീന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലര്‍ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതില്‍ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍ കാണണം. വാക്‌സീന്‍ ആവശ്യമെങ്കില്‍ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രത്തിന് 150 രൂപക്ക് കിട്ടുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ 400 രൂപക്കാണ് സംസ്ഥാനത്തിന് നല്‍കുന്നത്. ഇത് വലിയ പ്രതിസന്ധി ഉണ്ടാ ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളെ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ തള്ളി വിടരുതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്ന സര്‍ക്കാര്‍ ചാനലാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ചര ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കി വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കണം. 62,25,976 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്‌സീന്‍ തരാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












