മസ്കത്ത്: അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ പെയ്തത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുവൈഖ്, റുസ്താഖ്, ബൗഷർ എന്നീ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽക്കെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു .
അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈക്കിലാണ്. 3.1ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനിലയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകൾ പറയുന്നു.
മറ്റു പ്രദേശങ്ങളിലും താപനിലയിൽ കുറവുണ്ടായി. യാങ്കുൾ 10.9 ഡിഗ്രി സെൽഷസ്, മഹ്ധ 12.1, ഹൈമ 12.3, അൽ-മസ്യൂനയിൽ 12.7, തുംറൈത്ത് 12.9, മുഖ്ഷിൻ, അൽ ഖാബിൽ എന്നിവിടങ്ങളിൽ 13.3 ഡിഗ്രി സെൽഷസുമാണ് രേഖപ്പെടുത്തിയത്.വായു മർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്വരകളിലും മലയിടുക്കുകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി സജീവമായ പൊടിക്കാറ്റ്, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ, പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടുക എന്നിവക്കും സാധ്യതയുണ്ട്.
താപനിലയും കുറയും. മഴ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽ പ്രക്ഷുബ്ധമായ അവസ്ഥയെക്കുറിച്ച് നാവികർ ബോധവാന്മാരായിരിക്കണം. പൊടിയുടെയും മഴയുടെയും ഭാഗമായി ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
