മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല, നാവിന് വേലിചാടാനുള്ള പ്രവണത കലശലാകുമ്പോള്‍ എല്ലാ രാഷ്‌ട്രീയ നേതാക്കളും ഓര്‍ത്തിരിക്കേണ്ട രണ്ട് വാചകങ്ങളുണ്ട് മത്തായി സുവിശേഷത്തില്‍: “പറഞ്ഞ വാക്കിന്റെ അടിമയും പറയാത്ത വാക്കിന്റെ രാജാവുമാണ് നമ്മള്‍.” ചില സന്ദര്‍ഭങ്ങളില്‍ നേതാക്കള്‍ പറയുന്ന വാക്ക് കൈവിട്ട അതേ വേഗത്തില്‍ തിരിച്ചെത്തുന്ന ആയുധമായ ബൂമറാംഗ് പോലെ തിരിച്ചടിച്ചെന്നു വരും. അതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
വാ വിട്ട വാക്കുകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിചാരണ ചെയ്യപ്പെട്ട നേതാവ് സമകാലീന രാഷ്‌ട്രീയത്തില്‍ ഒരു പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും. മനസിലെ രോഷം അടക്കിവെക്കാനാകാതെ ഇതര രാഷ്‌ട്രീയക്കാരോട് മുതല്‍ മാധ്യമപ്രവര്‍ത്തകരോട് വരെ നടത്തിയ കടുത്ത ആക്ഷേപങ്ങള്‍ കോവിഡ് കാലം കഴിഞ്ഞാലും, എത്ര പ്രളയങ്ങള്‍ കടന്നു പോയാലും ജനം മറക്കുന്നതല്ല. അതാണ് വാ വിട്ട വാക്കിന്റെ ശക്തി. ചിലപ്പോള്‍ നേതാക്കളുടെ വഴിവിട്ട പ്രവൃത്തികള്‍ ജനം മറന്നുവെന്നു വരും. പക്ഷേ വാക്ക് ഭൂതകാലത്തിന്റെ വാക്കത്തി പോലെ നേതാക്കളെ പിന്തുടരുക തന്നെ ചെയ്യും. അവരുടെ പ്രകൃതത്തെ, ധാര്‍മിക നിലവാരത്തെ, ആത്മസംയമനത്തിനുള്ള കഴിവിനെ അടയാളപ്പെടുത്തുന്ന അളവുകോലായി അത് ഓര്‍മയില്‍ തുടരുക തന്നെ ചെയ്യും.
പക്ഷേ മുല്ലപ്പള്ളി പറഞ്ഞു പോയ വാക്കിന്റെ അടിമയായ രാഷ്‌ട്രീയ പേക്കോലമായി മാറിയത് അതിന്റെ സന്ദര്‍ഭവും എതിര്‍ഭാഗത്തു നില്‍ക്കുന്ന നേതാവിന്റെ മെറിറ്റും ഏറെ പ്രസക്തമാണെന്നതു കൊണ്ടാണ്. ലോകം മുഴുവന്‍ പ്രകീര്‍ത്തിച്ച കോവിഡ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു വനിതാ മന്ത്രിയെ സ്‌ത്രീവിരുദ്ധമായ വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിക്കുക എന്നത് അതീവ ഗൗരവമുള്ള സംഗതിയാണ്. മുല്ലപ്പള്ളി സ്വന്തം മുന്നണിക്ക് അകത്തു നിന്നു പോലും എതിര്‍പ്പ് നേരിടേണ്ടി വരുന്നത് ഈ സന്ദര്‍ഭത്തിന്റെ പ്രാധാന്യം കൊണ്ടാണ്.
അപ്പോഴും മുല്ലപ്പള്ളിയുടെ സ്‌ത്രീവിരുദ്ധതയെ വിമര്‍ശിച്ചു കൊണ്ട് ശൈലജ ടീച്ചര്‍ക്കു തുണയുമായി എത്തുന്ന സിപിഎമ്മിലെ പല നേതാക്കള്‍ക്കും അതിനുള്ള യാതൊരു യോഗ്യതയുമില്ലെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. മുല്ലപ്പള്ളി സ്‌ത്രീവിരുദ്ധമായി സംസാരിക്കുന്നുവെന്ന് ആരോപിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ കോണ്‍ഗ്രസ് നേതാവ് രമ്യാ ഹരിദാസിനെതിരെ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുല്ലപ്പള്ളി നടത്തിയതിനേക്കാള്‍ പല മടങ്ങ് സ്‌ത്രീ വിരുദ്ധവും അരോചകവുമായിരുന്നു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ സ്‌ത്രീവിരുദ്ധമായ പ്രവൃത്തികളോടും വാക്കുകളോടും സിപിഎം സ്വീകരിച്ച മൃദുസമീപനവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.
സ്‌ത്രീവിരുദ്ധത ഒരു ആചാരം പോലെ കൊണ്ടുനടക്കുകയാണ് എല്ലാ പാര്‍ട്ടികളും ചെയ്യുന്നത്. പുരുഷമേധാവിത്തം അടിമുടി നില നില്‍ക്കുന്ന പാര്‍ട്ടികളിലെ പുരുഷപ്രമാണിമാരുടെ വായില്‍ നിന്ന് സ്‌ത്രീവിരുദ്ധത ഇടയ്ക്കിടെ പുറത്തു ചാടുന്നത് അതിശയകരമായ കാര്യമല്ല. സ്‌ത്രീവിരുദ്ധരായ നേതാക്കളെ കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതില്‍ മാതൃകാപരമായ സമീപനം പാര്‍ട്ടികള്‍ കൈകൊള്ളുന്നതു വരെ ഈ ആചാരം തുടരുക തന്നെ ചെയ്യും.