കൊച്ചി : ലോകത്തിലെതന്നെ ആദ്യെ്രെകസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനർ ബസിലിക്കകളിൽ പുരാതനവുമായ സാന്താ അനസ്താസ്യ ദേവാലയം സീറോമലബാർ സഭക്ക് ഫ്രാൻസീസ് മാർപ്പാപ്പ കൈമാറി. സീറോമലബാർ സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ബസിലിക്ക മാറും.
റോമാ രൂപതയുടെ അതിർത്തിയിൽ താമസിക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനത്തിനു പുതിയ സംവിധാനം ഏർപ്പെടുത്തുന്നതായി മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് നിർദ്ദേശിക്കുന്ന വൈദികനെ ചാപ്ലെയിൻ പദവിയിൽ നിയമിക്കും. പുതിയ അജപാലന സംവിധാനത്തിന്റെ ആസ്ഥാനം സാന്താ അനസ്താസ്യ മൈനർ ബസിലിക്ക ആയിരിക്കും. റോമിലെ സീറോ മലബാർ വിശ്വാസികളുടെ ചാപ്ലെയിൻ ബസിലിക്കയുടെ റെക്ടറുമെന്ന് സഭാ വക്താവ് അറിയിച്ചു.
2019 ൽ സഭയിലെ മുഴുവൻ ബിഷപ്പുമാരും സന്ദർശിച്ചപ്പോൾ റോമിലെ സീറോമലബാർ വിശ്വാസികൾക്ക് ദേവാലയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ക്രിസ്തു വർഷം 325 – 326 കാലഘട്ടത്തിൽ കോൺസ്റ്റന്റ് റൈൻ ചക്രവർത്തിയാണ് ബസിലിക്കയുടെ നിർമ്മാണം ആരംഭിച്ചത്. ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടു വരെ മാർപ്പാപ്പാമാർ ക്രിസ്തുമസ് ദിവ്യബലി അർപ്പിച്ചിരുന്നത് സാന്താ അനസ്താസ്യാ ബസിലിക്കായിൽ ആയിരുന്നു. ബറോക്ക് മാതൃകയിൽ നിർമ്മിക്കപ്പെട്ട ദേവാലയം വാസ്തുഭംഗിയും ചിത്രപ്പണികൾ കൊാണ്ടും മനോഹരമാണ്.
2011 മുതൽ റോമിലെ സാന്തോം സീറോമലബാർ ഇടവകയുടെ തിരുകർമ്മങ്ങൾ നടത്തിയിരുന്നത് ഇവിടെയാണ്. ഏഴായിരത്തോളം സീറോമലബാർ വിശ്വാസികളാണ് റോമിലും പരിസര പ്രദേശങ്ങളിലുമുള്ളത്.
