ഷാർജ: യു.എ.ഇയിലെ ആദ്യ സമ്പൂർണ ഖുർആൻ ടി.വി ചാനലിന് ഷാർജയിൽ വെള്ളിയാഴ്ച തുടക്കമായി. 24മണിക്കൂറും ഖുർആൻ പാരായണം കാണാനും കേൾക്കാനും സാധിക്കുന്നതാണ് ചാനൽ. വളരെ പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരാണ് ചാനലിൽ പ്രത്യക്ഷപ്പെടുക.
ഓരോ ദിവസവും ഖുർആൻ പൂർണമായും പാരായണം ചെയ്തുതീർക്കും. അതോടൊപ്പം എല്ലാ ദിവസവും മത കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസ പരിപാടികളും ചാനലി ൽ കാണാനാവും. ഖുർആനിനെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിന് അവസരമൊരുക്കാനും പുതു തലമുറക്ക് അനുയോജ്യമായ രീതിയിൽ അതിന്റെ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി (എസ്.ബി.എ)യുടെ കീഴി ൽ ആരംഭിച്ച ‘ഹോളി ഖുർആൻ ചാനൽ’ രൂപപ്പെടുത്തിയത്.
ഖുറാനിലെ പാഠങ്ങൾ പ്രചരിപ്പിക്കാനും ലക്ഷ്യബോധമുള്ളതും പ്രചോദിപ്പിക്കുന്നതുമായ ഉള്ളടക്കം ഉൽപാദിപ്പിക്കുന്ന ഒരു മാധ്യമ പ്ലാറ്റ്ഫോം സൃഷ്ടിക്കാനുമുള്ള ഷാർജ ഭരണാധികാരിയുടെ താൽപര്യം ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്ന് എസ്.ബി.എ ഡയറക്ടർ സാലിം അലി അൽ ഗൈഥി പറഞ്ഞു.