ന്യൂഡൽഹി : യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു. സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഡൽഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാരി ആരോപിച്ചു. സിദ്ദിഖിന് ഒളിവിൽ പോകാൻ പൊലീസ് സമയം നൽകി. നിരവധി ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചതായും പരാതിക്കാരി പറയുന്നു. കുറ്റകൃത്യം ഗുരുതരമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. സിദ്ദിഖിനെതിരെ ശക്തമായ തെളിവുണ്ട്. നടിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. നടി പരാതി നൽകാൻ വൈകിയത് കേസിനെ ബാധിക്കില്ല. പീഡനത്തെ തുടർന്ന് നടി മാനസിക ആഘാതത്തിനു ചികിത്സ തേടിയതിന് തെളിവുണ്ട്. സിദ്ദിഖ് സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിക്കും. തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ദിഖിന്റെ വാദം. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ദിഖ് കോടതിയെ അറിയിക്കും.
കേസന്വേഷണത്തിന്റെ പുരോഗതിയും സിദ്ദിഖിനെതിരായ തെളിവുകളുടെ വിശദാംശങ്ങളുമെല്ലാം പൊലീസ് അഭിഭാഷകരെ അറിയിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണു ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരാകും. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ മെറിൻ ജോസഫ് കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ ഉൾപ്പെടെയുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.