വാഷിങ്ടൻ : ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നു റോയിറ്റേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള സൈനിക ഹെലികോപ്റ്ററുമാണു കൂട്ടിയിടിച്ചത്. വാഷിങ്ടനിലെ റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനവും സൈന്യത്തിന്റെ ഹെലികോപ്റ്ററും കൂട്ടിയിടിച്ചാണ് അപകടം. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണു വീണത്. വൈറ്റ് ഹൗസിൽനിന്ന് 5 കിലോമീറ്റർ ദൂരത്തായിരുന്നു അപകടം നടന്നത്.
അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാർഥിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കൻസാസിനിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണു സൈന്യത്തിന്റെ ബ്ലാക്ക് ഹാക് ഹെലികോപ്റ്ററിൽ ഇടിച്ചത്. മുതിർന്ന സേനാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഇല്ലായിരുന്നെന്നാണു വിവരം. വിമാനത്താവളത്തിലെ എല്ലാ ടേക്ക്ഓഫും ലാന്‍ഡിങ്ങും നിര്‍ത്തി.
