ദുബായ് : യുഎഇയുടെ വനിതാ ശാക്തീകരണത്തിന് ആക്കം കൂട്ടി ദുരന്തനിവാരണ സേനയിലേക്ക് 18 സ്വദേശി വനിതകൾ കൂടി. കരയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വനിതകളെ നിയോഗിക്കപ്പെടുന്നത് ഇതാദ്യമാണ്. ആദ്യ വനിതാ ലാൻഡ് റെസ്ക്യൂ ടീമിന് ദുബായ് പോലീസ് വൻ വരവേൽപാണ് നൽകിയത്. കഠിന പരിശീലനത്തോടെ ബിരുദം പൂർത്തിയാക്കി നോൺ കമ്മിഷൻഡ് ഓഫിസർമാരായി ഇവർ ജോലിയിൽ പ്രവേശിച്ചു.രാജ്യസുരക്ഷയിലും വികസനത്തിലും സ്വദേശി വനിതകൾക്ക് നിർണായക പങ്കുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് വനിതാ സംഘത്തെ ലഭിച്ചതിൽ അഭിമാനമുണ്ട്.
ഉത്തരവാദിത്തങ്ങൾ ഫലപ്രദമായും പ്രഫഷനലായും നിർവഹിക്കാൻ സഹായിക്കുക, അടിയന്തര സാഹചര്യങ്ങളെ വിദഗ്ധമായി നേരിടാൻ സജ്ജരാക്കുക എന്നിവയാണ് ലക്ഷ്യമെന്നും പറഞ്ഞു. പരിശീലനത്തിൽ അസാധാരണ കഴിവുകൾ പുറത്തെടുത്ത വനിതകളെ അഭിനന്ദിച്ചു.