ഫുജൈറ : യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ തീരത്താണ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിക്കും വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുമായി രക്ഷാസംഘം തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
ട്രെയിനിയും ഇൻസ്ട്രക്ടറും വിദേശ പൗരന്മാരാണ്. പരിശീലന വിമാനം അപകടത്തിൽപ്പെട്ടതായി വ്യോമയാന അതോറിറ്റിക്ക് റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ വിമാനത്തിന്റെ റഡാർ ബന്ധം നഷ്ടപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നു. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപനം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.