ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25നു ഫുജൈറയിൽ എത്തും. തിരിച്ചു പുലർച്ചെ 3.40നു പുറപ്പെടുന്ന വിമാനം രാവിലെ 9നു കണ്ണൂരിൽ എത്തും. ഫുജൈറയിൽ നിന്ന് അർധരാത്രി 12.25നു പുറപ്പെട്ടു പുലർച്ചെ 4.50നു മുംബൈയിൽ ഇറങ്ങും. മുംബൈയിൽനിന്നു പുലർച്ചെ 1.10നു പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40നു എത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷക നിരക്കിളവു ലഭിക്കും.
ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41–ാമത്തെയും സെക്ടറാണ് ഫുജൈറ. ഇന്ത്യയിലെ 90 സെക്ടറുകളിലേക്ക് ഉൾപ്പെടെ പ്രാദേശിക, രാജ്യാന്തര തലത്തിൽ 132 സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് ഫുജൈറയിലേക്കും കണ്ണൂരിലേക്കും മുംബൈയിലേക്കും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായകമാകും.
