ദുബായ്: യുഎഇയിലെ മുൻ റേഡിയോ അവതാരകൻ തിരുവനന്തപുരം വെഞ്ഞാറമൂട് അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി(48) നാട്ടിൽ അന്തരിച്ചു. റാസൽഖൈമയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ ഏഷ്യയിൽ രണ്ടു പതിറ്റാണ്ടോളം ശശികുമാർ ജോലി ചെയ്തിരുന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. നിലവിൽ സിനിമ, സീരിയൽ രംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. കേരളത്തിലെ പ്രധാന സമിതികളിലൂടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭാര്യ: രഞ്ജിനി. മകൻ: ഇന്ദുചൂഢൻ. ശശികുമാറിന്റെ വിയോഗത്തിൽ പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചിച്ചു.
