കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ് അഭയാർത്ഥികളെ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം പോർട്ട് സെയ്ദിലേക്ക് പോകുന്നതിനിടെ, തകർന്ന നിലയിലുള്ള ഒരു ബോട്ട് കാണപ്പെടുകയായിരുന്നു. ഉടൻതന്നെ അൽ ദസ്മയുടെ ജീവനക്കാർ ഈജിപ്ഷ്യൻ സെർച്ച് ആൻഡ് റെസ്‌ക്യൂ അതോറിറ്റിയുമായി, കൂടാതെ KOTC ഓപ്പറേഷൻസ് ഓഫീസുമായി സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഭയാർത്ഥികൾക്ക് പ്രാഥമികമായി വെള്ളം, ഭക്ഷണം എന്നിവ നൽകുകയും, അതിന് ശേഷം പോർട്ട് സെയ്ദിലെത്തിയ ശേഷം എല്ലാ നിയമപരമായ നടപടികളും പാലിച്ച് അവർക്ക് സുരക്ഷിത കൈമാറ്റം ഉറപ്പുവരുത്തുകയും ചെയ്തു
കപ്പൽ ജീവനക്കാരുടെ സമയോചിതമായ ഇടപെടലും തീവ്രപ്രയത്നവുമാണ് ഈ ദുരന്തത്തെ ഒരു വലിയ മാനവിക പ്രതിസന്ധിയായി മാറുന്നതിൽ നിന്ന് തടഞ്ഞത്. കപ്പലിലെ ജീവനക്കാർക്ക് വിവിധ തലങ്ങളിൽ നിന്നും പ്രശംസയേൽക്കുകയാണ്.