വലിയ പ്രതീക്ഷയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റിനെ ആരോഗ്യമേഖല നോക്കിക്കാണുന്നത്. ഇന്ത്യന്‍ ആരോഗ്യമേഖല വളര്‍ച്ചയുടെ പടവുകളിലാണ്. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയ്ക്കായി 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് 90,958 കോടി രൂപ അനുവദിച്ചിരുന്നു. ആരോഗ്യമേഖലയിലെ വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വിഹിതവും, നയ നടപടികളും ഫാര്‍മസ്യൂട്ടിക്കല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, ആശുപത്രികള്‍ മറ്റ് വിഭാഗങ്ങള്‍ എന്നിവയെല്ലാം ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കും.
ഉയര്‍ന്ന ആരോഗ്യ സംരക്ഷണ ചെലവ്
2025 ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഈ മേഖലയ്ക്കായി സര്‍ക്കാര്‍ 90,958 കോടി രൂപ അനുവദിച്ചിരുന്നു. 2017- 2025 കാലത്ത് ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപി യുടെ 2.5 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. 2023- 24 സാമ്പത്തിക സര്‍വ്വേ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ 1.9 ശതമാനമായിരുന്നു. അതുകൊണ്ട് ആരോഗ്യസംരക്ഷണത്തിനുളള വര്‍ദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഈ ചെലവില്‍ വലിയൊരു കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ഈ മേഖലയ്ക്ക് ഉയര്‍ന്ന വിഹിതം ലഭിക്കുകയാണെങ്കില്‍ അത് സ്വകാര്യ ആശുപത്രികളിലെ സമ്മര്‍ദ്ദം ലഘൂകരിക്കുക മാത്രമല്ല ഉയര്‍ന്ന ആശുപത്രി ബില്ല് താങ്ങാനാവാത്ത പൊതുജനങ്ങള്‍ക്ക് പ്രയോജനമാവുകയും ചെയ്യും.
അടിസ്ഥാന സൗകര്യ വികസനം
ചെറു പട്ടണങ്ങളിലേക്കും ദൂരക്കൂടുതലുള്ള പ്രദേശങ്ങളിലേക്കും പൊതുജനാരോഗ്യ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും പുതിയ ആശുപത്രികള്‍ തുടങ്ങാനും ഇത് സഹായകമാകും. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാനസൗകര്യങ്ങള്‍ ഏകീകരിക്കുക എന്നതാണ്. ദൂരെയുള്ള വലിയ നഗരങ്ങളിലും മറ്റുമാണ് നിലവില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങളുള്ളത്. ഈ പ്രതിസന്ധികൊണ്ട് രോഗികള്‍ക്ക് ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ഇത് പാവപ്പെട്ട രോഗികളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബജറ്റില്‍ പുതിയ സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുമെന്ന് കരുതുന്നു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ കവറേജ് വിപുലീകരിക്കല്‍
ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കവറേജ് വിപുലീകരണം മറ്റൊന്നാണ്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള വിഹിതം സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ.
സാമ്പത്തിക ഭാരം കുറയ്ക്കാന്‍ നികുതി ഇളവ്
ഡയഗണോസ്റ്റിക് സേവനങ്ങള്‍ പ്രതിരോധ ആരോഗ്യ സംരക്ഷണം തുടങ്ങിയുള്ള ആരോഗ്യ പരിപാലന ചെലവുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതിലൂടെ ആരോഗ്യ സംരക്ഷണദാതാക്കളുടെ സാമ്പത്തിക ഭാരം കുറയും. കൂടാതെ രോഗികളുടെ ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ
ആരോഗ്യ ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ നികുതി, ജിഎസ്ടി ഇളവുകള്‍ ആവശ്യമാണെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ‘ടേം/പ്യുവര്‍ ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയ്ക്ക് ജിഎസ്ടി/നികുതി ഇല്ല എന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ഇളവ് അവശ്യ ഇന്‍ഷുറന്‍സ് കവറുകളില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കും. കാരണം ഇത് പ്രീമിയങ്ങള്‍ കൂടുതല്‍ താങ്ങാനാകുന്നതാക്കും. ജിഎസ്ടിയുടെയും നികുതിയുടെയും സാമ്പത്തിക ഭാരം നീക്കം ചെയ്യുന്നതിലൂടെ ഇന്‍ഷുറന്‍സിലൂടെ അവരുടെ ഭാവിയും ആരോഗ്യവും സുരക്ഷിതമാക്കാന്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയും.
ഗവേഷണവും വികസനവും
AI അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണയം, ജീനോമിക്‌സ്, വ്യക്തിഗത വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ പരിഹാരങ്ങളുടെ ഒരു കേന്ദ്രമായി സ്വയം മാറാനാകും. മാത്രമല്ല ഗവണ്‍മെന്റ് പിന്തുണയുള്ള ഫണ്ടിംഗിലൂടെ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നത് ആരോഗ്യ സംരക്ഷണ നവീകരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും പുതിയ സാങ്കേതിക വിദ്യകളെ കൊണ്ടുവരികയും ചെയ്യും.