റിയാദ് : സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെടുന്നതിനിടെ, മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. പുതിയ സന്ദർശക വിസയുമായി രാജ്യത്തിലെത്തിയ ഇവരെ എമിഗ്രേഷൻ അധികൃതർ തിരിച്ചയക്കുകയായിരുന്നു. വിസ ക്യാൻസലായതായി സിസ്റ്റത്തിലൂടെ തിരിച്ചറിഞ്ഞതോടെയാണ് പ്രവേശനം നിഷേധിച്ചത്.
ഇവരെ യാത്രയിൽ തടസ്സം നേരിട്ടില്ലെങ്കിലും, വിമാനക്കമ്പനികൾക്ക് ഇപ്പോഴും അനധികൃത യാത്രാ വിലക്ക് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല. അതിനാൽ യാത്രാ അനുമതിയുള്ളതായാണെന്ന് കരുതി ഇവർ സൗദിയിലേക്ക് പറന്നുയർന്നു. എന്നാൽ റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷനിലാണ് അവർ വിസ സ്റ്റാറ്റസ് റദ്ദാക്കിയതാണെന്ന് മനസ്സിലായത്. ഇപ്പോൾ ഇവർ വിമാനത്താവളത്തിനകത്തു തന്നെ കാതിരിക്കുന്നു.
അടുത്ത ദുൽഹജ്ജ് പത്തു (ജൂൺ 6) വരെയുള്ള കാലയളവിൽ, ഫാമിലി വിസിറ്റ് വിസകൾ താൽക്കാലികമായി സസ്‌പെന്റ് ചെയ്തതായി ജവാസാത്ത് സന്ദേശങ്ങൾ നിരവധി സന്ദർശകർക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സന്ദേശം എല്ലാവർക്കും ലഭിച്ചിട്ടില്ല. അതിനാൽ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ‘മുഖീം പോർട്ടൽ’ വഴി വിസ സ്റ്റാറ്റസ് പരിശോധിക്കേണ്ടതിന്റെ ആവശ്യം അതീവപ്രധാനമാണ്.
പച്ച ലേബലിൽ ‘Permitted to Enter’ എന്ന് കാണിക്കപ്പെടുന്നത് വിസ സാധുവാണെന്നതിന് തെളിവാണ്. അതേസമയം, ചുവപ്പിൽ ‘Not Permitted to Enter’ എന്നുമെങ്കിൽ സൗദിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടും.
നിലവിൽ സൗദിക്കകത്ത് കഴിയുന്നവരും, ജവാസാത്ത് എസ്‌എംഎസ് ലഭിച്ചിട്ടുള്ളവർ, ജൂൺ 6ന് മുമ്പ് രാജ്യം വിട്ട് വിസ പുതുക്കിയ ശേഷം മടങ്ങുക എന്നതാകാം ഏറ്റവും സുരക്ഷിത മാർഗം.
ഹജ്ജ് സീസണോട് അനുബന്ധിച്ച്, സാധാരണയായി ജിദ്ദ, ത്വാഇഫ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, ഈ വർഷം പലവിധ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. അതിനാൽ ഹജ്ജ് കാലഘട്ടം മുഴുവൻ സന്ദർശക വിസയുള്ളവർ മുഴുവൻ വിശദാംശങ്ങളും പരിശോധിച്ച ശേഷമേ യാത്ര നടത്താവൂ.