ദുബായ്: യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇനി വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയും ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ പാസ്പോർട്ടിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, പാസ്പോർട്ട് അപ്ഡേഷൻ സവിശേഷമായി സുഗമമാക്കുന്നതിന് ‘അനക്സർ ജെ’ (Annexure J) എന്ന ഫോം മതിയായതായി പ്രഖ്യാപിച്ചു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ പുതിയ സംവിധാനത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. ഇനി മുതൽ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികൾക്ക് അവരുടെ ബന്ധം സ്ഥിരീകരിക്കാൻ അനക്സർ ജെ ഫോമിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകാവുന്നതാണ്.
ഈ ഫോമിൽ ഉൾപ്പെടേണ്ട വിവരങ്ങൾ:
- ദമ്പതികൾ തമ്മിൽ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം
- ഇരുവരുടെയും ഒപ്പോടെയുള്ള സംയുക്ത ഫോട്ടോ
- പൂർണ നാമം, മേൽവിലാസം
- ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ
- നൽകിയ വിവരങ്ങൾ ശരിയാണെന്ന ഉറപ്പ്
- അപേക്ഷയിൽ നൽകിയ വിവരങ്ങളെ ആശ്രയിച്ച് ഏത് നിയമ പ്രശ്നങ്ങളും ഒഴിവാക്കണമെന്നതിനായുള്ള സമ്മതപത്രം
ഈ സംവിധാനത്തിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാതെ ഉള്ള ദമ്പതികൾക്കും പാസ്പോർട്ടിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടുത്താൻ അവസരമൊരുങ്ങുന്നു. സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ തീരുമാനം. കുടുംബമായി താമസിക്കുന്നവർക്ക് ഈ മാറ്റം വലിയ സഹായമാകുമെന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.