കുവൈത്ത് സിറ്റി: പാരിസിൽ നടക്കുന്ന പാരാലിംപിക്സിൽ കുവൈത്ത് ആദ്യസ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ട് – എഫ് 63 ഇനത്തിലാണ് ഫൈസൽ സൊറൂർ കുവൈത്തിനായി ആദ്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.ശനിയാഴ്ച സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന മൽസരത്തിൽ ഫൈസൽ സൊറൂർ 15.31 മീറ്റർ നേടിയാണ് ഒന്നാമതെത്തിയത്. യു.കെയുടെ അലെഡ് ഡേവീസ് 15.10 മീറ്റർ രണ്ടാമത്, ലക്സംബർഗ് താരം ടോം ഹബ് ഷെയ്ഡ് 14.97 മീറ്ററോടെ വെങ്കല മെഡലും നേടി.
കുവൈത്ത് സർക്കാറിന്റെ പിന്തുണയും സഹകരണവുമാണ് തന്റെ വിജയത്തിന് പിന്നിലുള്ളതെന്ന് ഫൈസൽ സൊറൂർ പറഞ്ഞു. ഈ നേട്ടം അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ ജാബർ അൽ സബാഹിനും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബയ്ക്കും ഒപ്പം കുവൈത്ത് ജനതയ്ക്കും സമർപ്പിക്കുന്നുവെന്ന് ഫൈസൽ സൊറൂർ കൂട്ടിചേർത്തു. പാരീസ് പാരാലിംപിക്സിൽ കുവൈത്തിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ശനിയാഴ്ച നടന്ന പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഫൈസൽ അൽ-റജെഹി വെങ്കലം നേടിയിരുന്നു.