തിരുവനന്തപുരം : നേമം ഉള്‍പ്പെടെ പത്തുസീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. നേമം, കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂര്‍ മണ്ഡലങ്ങളിലാണ് ഇപ്പോഴും തര്‍ ക്കമുളളത്. പത്ത് സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസിലെ ബാക്കി 81 സീറ്റുകളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.
തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനായി ഉമ്മന്‍ ചാണ്ടി വാദിക്കുന്നതിനാല്‍ തീരുമാനമായില്ല.ബാബുവിനു പകരം നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണിയുടെയും കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. കൊല്ലത്ത് ബിന്ദു കൃ ഷ്ണയുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയില്‍ മത്സരിക്കുമെന്നും നിര്‍ദേശം ഉയര്‍ന്നത് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ലോക്സഭ തെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കായി മാറി നിന്നുവെന്ന കാരണ ത്താല്‍ നിലമ്പൂരില്‍ ടി.സിദ്ദീഖ് തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ക്രൈസ്തവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കല്പറ്റയില്‍ പ്രാദേശിക നേതാവിനെയും മണ്ഡലത്തിന് പുറത്തുളള നേതാവിനെയുമാണ് പരിഗണിക്കുന്നത്. തര്‍ക്കമുള്ള ആറന്മുളയില്‍ ശിവദാസന്‍ നായര്‍, പി.മോഹ ന്‍ദാസ് നായര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.കാഞ്ഞിരപ്പിള്ളിയില്‍ ജോസഫ് വാഴയ്ക്കനെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ സീറ്റിലും അവസാനഘട്ടത്തില്‍ തര്‍ക്കത്തിലേക്ക് നീങ്ങി.
ഇത്തവണ 91 സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് ശേഷം അറിയിച്ചിരുന്നു. തര്‍ക്കമുള്ള സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും.അതേസമയം അപ്രതീക്ഷിത സ്ഥാനാര്‍ഥികളടക്കമുള്ള കരുത്തുറ്റ പട്ടികയായിരിക്കും നാളെ പ്രഖ്യാപിക്കുകയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.