ലബ്ബൈക്ക് വിളികളുമായി പത്ത് ലക്ഷം വിശ്വാസികള്‍ മിനായിലെത്തി
ജിദ്ദ : മിനാ താഴ് വരയില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്നു. ഒരു രാത്രി പുലരുമ്പോള്‍ വിശ്വാസ ലക്ഷങ്ങള്‍ അറഫാ മൈതാനത്തില്‍ ഒത്തു ചേരും.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ഒഴിഞ്ഞ മിന താഴ് വരയിലേക്കാണ് ഇക്കുറി പത്തു ലക്ഷത്തോളം വരുന്ന ഹാജിമാര്‍ ഒത്തുകൂടിയിരിക്കുന്നത്.
ജൂലൈ പന്ത്രണ്ടു വരെ മിനയുടെ താഴ് വരയില്‍ വിശ്വാസികളുടെ തമ്പുകള്‍ ലബ്ബൈക്ക് വിളികളാല്‍ മുഖരിതമാകും.. ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥടാകരുടെ സാന്നിദ്ധ്യത്താല്‍ പുണ്യ നഗരം ഒരിക്കല്‍ കൂടി മനുഷ്യമഹാസാഗരമായി മാറും.
അറാഫാ സംഗമം വെള്ളിയാഴ്ച നടക്കുമ്പോള്‍ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാനമായ ഘട്ടത്തിലേക്ക് വിശ്വാസ ലോകം മുഴുകും. പ്രവാചകന്റെ പ്രഭാഷണത്തെ അനുസ്മരിക്കുന്ന അറഫ പ്രഭാഷണവും വെള്ളിയാഴ്ച നടക്കും.
കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജാഗ്രതയോടുകൂടിയാണ് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടനം ഒരുക്കിയിട്ടുള്ളത്.
ഹജ്ജ് കര്‍മ്മ വേദിയെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന വേദിയാക്കി മാറ്റരുതെന്നും ലബ്ബൈക്ക് അല്ലാതെ മറ്റു മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്നും ബാനറുകള്‍ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കരുതെന്നും സുരക്ഷാവിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.