മുംബൈ: ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണിക്ക് നഷ്‌ടത്തോടെ തുടക്കം. സെന്‍സെക്‌സ് 209 പോയിന്റും നിഫ്‌റ്റി 70 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്.
വ്യാപാരത്തിനിടെ 34,662.06 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് 34961.52ലാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,223.60 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. നിഫ്‌റ്റി 10312.40ല്‍ ക്ലോസ് ചെയ്തു.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 12 ഓഹരികള്‍ മാത്രമാണ് ഇന്ന് ലാഭമുണ്ടാക്കിയത്. ബ്രിട്ടാനിയ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സിപ്ല, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബ്രിട്ടാനിയ രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
കോള്‍ ഇന്ത്യ, ആക്‌സിഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എസ്‌ബിഐ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. കോള്‍ ഇന്ത്യ അഞ്ച് ശതമാനം നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിംഗ് ഓഹരികള്‍ ശക്തമായ ഇടിവാണ് നേരിട്ടത്. ആര്‍ബിഎല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക് എന്നിവ നാല് ശതമാനത്തിലേറെ ഇടിഞ്ഞു. അതേ സമയം ഫാര്‍മ ഓഹരികള്‍ ഇടിവിനെ പ്രതിരോധിച്ചു. സിപ്ല, അര്‍ബിന്ദോ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.