ഇഡിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത്. കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടും വേട്ടയാടുന്നതായി കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മകന് രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ജൂണ്‍ എട്ടിന് ഇഡിയുടെ ഡെല്‍ഹി ഓഫീസില്‍ ഹാജരാകണമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയാണ് ബിജെപി സര്‍ക്കാരെന്ന് എഐസിസി നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വി അഭിപ്രായപ്പെട്ടു.
കേസ് അന്വേഷണം പ്രഹസനമാണെന്നും ഇഡിയും ഇതര അന്വേഷണ ഏജന്‍സികളും സര്‍ക്കാരിന്റെ കേവലം കളിപ്പാവകളായി അധപതിച്ചെന്നും മനു അഭിഷേക് സിംഗ് വി ആരോപിച്ചു.
2015 ല്‍ കേസ് അന്വേഷണം അവസാനിപ്പിച്ചതാണ്. എന്നാല്‍, തെളിവുകളില്ലാതിരുന്നിട്ടും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ സമ്മര്‍ദ്ദത്തിലാക്കി അവരെ ദുരുപയോഗം ചെയ്യുകയാണ്.
നേരത്തെ, തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്കി എന്ന പേരില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇപ്പോള്‍ പുതിയ ഉദ്യോഗസ്ഥരെ വെച്ചാണ് സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നതെന്നും മനു അഭിഷേക് സിംഗ് വി പറഞ്ഞു.