‘അവരവര്‍ക്കിഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം നടന്മാരായ മുകേഷിനും ഇന്നസെന്റിനും മാത്രമല്ല, സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്’ – ഷാഫി പറമ്പില്‍ എംഎല്‍എ
പാലക്കാട് : സിനിമാ താരം രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിനും നിര്‍ണായകമായ വിജയത്തിന് കരുത്ത് പകര്‍ന്നതിനും നന്ദി അറിയിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു.
പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആയ ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് പിഷാരടി എത്തിയ ചിത്രം ഉള്‍പ്പടെയായിരുന്നു ഷാഫിയുടെ ഫേസ്ബുക് പോസ്റ്റ്. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. മൂന്നാം തവണയാണ് പാലക്കാട് ഷാഫി പറമ്പില്‍ തുടര്‍ച്ചയായി വിജയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് നടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം എടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് രമേശ് പിഷാരടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പിഷാരടിക്ക് പിന്തുണ അറിയിച്ചു ഷാഫി പറമ്പിലിന്റെ പോസ്റ്റ്.’അവരവര്‍ക്കി ഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്’- ഷാഫി പറമ്പില്‍ വ്യക്തമാക്കി.
രമേഷ് പിഷാരടി പ്രചരണത്തിനുപോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് ഉയര്‍ത്തിയാണ് നടനെതിരെ ട്രോളുകള്‍ നിറഞ്ഞത്. കഴിഞ്ഞ ദിവസം രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടന്‍ സുബിഷ് സുധിയും രംഗത്തെത്തിയിരുന്നു.